വിഴിഞ്ഞം: പിടികൂടി ജീപ്പിൽ കയറ്റവെ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം.അടിമലത്തുറ സ്വദേശി തുമ്പൻ റോയി എന്ന റോയിയാണ് (28) വിഴിഞ്ഞം പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.സ്ത്രീകൾ താമസിക്കുന്ന വീടിനുനേർക്ക് കല്ലേർ നടത്തുന്നുവെന്ന പരാതിയെതുടർന്നാണ് ഗ്രേഡ് എസ്.ഐ സുജിത് ചന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം സ്ഥലത്തെത്തിയത്.
അക്രമാസക്തനായ പ്രതിയെ പിടികൂടി ജീപ്പിനുള്ളിൽ കയറ്റി സ്റ്റേഷനിലേക്ക് വരുമ്പോൾ ചൊവ്വര ഭാഗത്തുവച്ച് ഇയാൾ വീണ്ടും പ്രകോപിതനായതായി പൊലീസ് പറഞ്ഞു. ജീപ്പിന്റെ പിൻഭാഗം ചവിട്ടിത്തുറക്കാൻ ശ്രമിച്ചു,സീറ്റു വലിച്ചുകീറി, വാതിൽ ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്‌തു.
പ്രതിയെ അകത്തേക്ക് മാറ്റിയിരുത്താനായി വാഹനം നിറുത്താൻ ശ്രമിച്ചപ്പോൾ വാതിൽ തുറന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞ എസ്.ഐയെയും സി.പി.ഒ അഖിലിനെയും മർദ്ദിച്ചു. ജീപ്പിലുണ്ടായിരുന്ന ഹെൽമറ്റുപയോഗിച്ച് എസ്.ഐയെ മർദ്ദിച്ചെന്നും പൊലീസ് പറഞ്ഞു.എസ്.ഐയുടെ വലതു കൈത്തണ്ടയ്ക്കു പരിക്കേറ്റു.
വീടാക്രമണം,സ്ത്രീയെ ആക്രമിക്കൽ തുടങ്ങിയവയ്ക്കും പൊലീസിനെ ആക്രമിച്ച പരാതിയിലും ഇയാൾക്കെതിരെ കേസെടുത്തു. നിരവധി കേസുകളിലും റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളുമാണ് പ്രതി.എസ്.എച്ച്.ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |