
കല്ലമ്പലം: ജല സുരക്ഷ ലക്ഷ്യമിട്ട് ഒറ്റൂർ പഞ്ചായത്തിൽ സമ്പൂർണ കിണർ റീചാർജിംഗ് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ കിണറുകളും ഘട്ടംഘട്ടമായി റീചാർജ് ചെയ്യാനാണ് പ്ലാൻ തയാറാക്കിയിട്ടുള്ളത്. 3 വർഷം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. ഹരിത കേരള മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച ക്യാമ്പുകൾ തുടങ്ങി.
ആദ്യഘട്ടമായി 4 വാർഡുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിനായി 10 ലക്ഷം രൂപ വകമാറ്റിയിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന 10,11 വാർഡുകളിൽ റീചാർജ് പദ്ധതി ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നൂറോളം വീടുകളിൽ പദ്ധതി നടപ്പാക്കി.
കിണർ റീ ചാർജിംഗ്
കോൺക്രീറ്രിന്റെ 4 ഉറകൾ കിണറിന് സമീപം താഴ്‌ചയിൽ സ്ഥാപിക്കും. അതിൽ കരിയും മണലും പ്രത്യേക അനുപാതത്തിൽ നിക്ഷേപിക്കും. വീടിന്റെ ടെറസിൽ നിന്ന് മഴക്കാലത്ത് ഒഴുകിയെത്തുന്ന മഴവെള്ളം പൈപ്പ് വഴി ഈ ടാങ്കിലേക്ക് ഒഴുക്കിവിടും. ഇതിൽനിന്ന് തെളിഞ്ഞ ശുദ്ധജലം കിണറ്റിലേക്ക് പോകാൻ പൈപ്പ് സ്ഥാപിക്കും.
ലക്ഷ്യം ഭൂഗർഭ ജലത്തെ കൂട്ടുക
1000 സ്ക്വയർ ഫീറ്റുള്ള ഒരു വീടിന്റെ ടെറസിൽ നിന്ന് ഒരു വർഷം ശരാശരി 3 ലക്ഷം ലിറ്റർ വെള്ളം ലഭിക്കുമെന്നാണ് കണക്ക്. 5 പേരുള്ള വീട്ടിൽ പരമാവധി 1,85000 ലിറ്റർ വെള്ളം ഒരു വർഷത്തേക്ക് മതിയാകും. ഇത് കിണറ്റിലേക്ക് റീചാർജ് ചെയ്താൽ ഉപയോഗം കഴിഞ്ഞ് ബാക്കി ശേഷിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് ഏകമാർഗം ഭൂഗർഭ ജലത്തിന്റെ അളവ് കൂട്ടുക എന്നതാണ്.
പ്രതികരണം
കിണർ റീചാർജിംഗ് വ്യാപകമായി ചെയ്താൽ മാത്രമേ ഭൂഗർഭ ജലനിരപ്പ് ഉയർത്തി പദ്ധതി വിജയിപ്പിക്കാൻ കഴിയൂ. ഇതിനു മുന്നോടിയായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 600ൽ അധികം മഴക്കുഴികൾ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിർമിച്ചു. വരും വർഷങ്ങളിൽ ഇത് മൂന്നിരട്ടി ആക്കും.
എസ്.ഗോപകുമാർ
(അസിസസ്റ്റന്റ് സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |