SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

കല്ലാർമൊട്ടമൂട്-ഇടമൺപുറം പാലം യാഥാർത്ഥ്യത്തിലേക്ക്

വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ വാർഡിന്റെ പരിധിയിൽപ്പെടുന്ന മൊട്ടമൂട്-ഇടമൺപുറം പാലം യാഥാർത്ഥ്യമാകുന്നു. എ.എ.റഹീം എം.പി പ്രാദേശിക വികസനഫണ്ടിൽ നിന്നു അനുവദിച്ച 41 ലക്ഷംരൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കല്ലാർ, മൊട്ടമൂട്, ഇടമൺപുറം പ്രദേശവാസികൾ പാലത്തിന്റെ ആവശ്യകത അറിയിച്ചിട്ട് പതിറ്റാണ്ടുകളായി. മഴയായാൽ നദിയിൽ വെള്ളം ഉയരുകയും നദിക്കരയിൽ താമസിക്കുന്നവർ ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. മാത്രമല്ല നദി മുറിച്ചുകടക്കുന്നതിനിടയിൽ അനവധി പേർ ഒഴുക്കിൽപെട്ടിട്ടുണ്ട്. നേരത്തേ ഇവിടെ പാലം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും നിർമ്മാണപ്രവർത്തനങ്ങൾ കടലാസിലൊതുങ്ങുകയായിരുന്നു.

ആശ്വാസമാകുന്നു

പാലമില്ലാത്തതിനാൽ വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. പാലത്തിനായി നാട്ടുകാർ നിരവധി പ്രാവശ്യം സമരം നടത്തിയിരുന്നു. കല്ലാർ എക്സ്‌സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷനും, കല്ലാർ സംരക്ഷണസമിതിയും നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു. പാലത്തിന്റെ അഭാവത്തിൽ നാട്ടുകാർ അനുഭവിക്കുന്ന ദുരിതവും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു. തുടർന്ന് എ.എ.റഹീം എം.പിയുമായി ചർച്ച നടത്തുകയും അടിയന്തരമായി 41 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു.

പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. പ്രവർത്തനം വിലയിരുത്തുന്നതിനായി ജി.സ്റ്റീഫൻ കഴിഞ്ഞ ദിവസം പാലം സന്ദർശിച്ചു. മഴക്കാലത്തിന് മുൻപ് പണി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. തിരുവനന്തപുരം പൊൻമുടി പാതയിലെ വിതുര ചിറ്റാർ പാലത്തിനൊപ്പം ഇടമൺപുറം പാലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

നന്ദി രേഖപ്പെടുത്തി

വിതുര പഞ്ചായത്തിലെ കല്ലാർ മൊട്ടമൂട് ഇടമൺപുറത്ത് പാലം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ച എ.എ.റഹീം എം.പിക്കും ഇതിനായി പരിശ്രമിച്ച ജി.സ്റ്റീഫൻ എം.എൽ.എയ്ക്കും വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ.ജി.ആനന്ദ് നന്ദി രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL