വടക്കാഞ്ചേരി : കൊടും കുറ്റവാളിയും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നൂറോളം കേസുകളിലെ പ്രതിയുമായ ആലപ്പുഴ എടത്വാ ചങ്ങങ്കരി വൈപ്പിനിശ്ശേരി ലക്ഷം വീട്ടിൽ വിനീത് (വടിവാൾ വിനീത്-25), വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിട്ട് ഒമ്പത് ദിനം. കൂട്ടാളിയും കൊല്ലം പരവൂർ കോട്ടപ്പുറം ചാത്തന്നൂർ ആറ്റുപുറം വീട്ടിൽ രാഹുൽ രാജി (43)നൊപ്പമാണ് കഴിഞ്ഞ മാസം 25ന് സാഹസിക രക്ഷപ്പെടൽ നടത്തിയതെങ്കിലും രാഹുലിനെ അന്ന് തന്നെ പിടികൂടാൻ പൊലീസിനായി. വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിലെ അകമല സ്വദേശി ബാദുഷയുടെ വീട്ടിൽനിന്ന് പൾസർ ബൈക്ക് മോഷ്ടിച്ച കേസിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോഴായിരുന്നു കാലത്ത് 11.40ന് ഇരുവരും രക്ഷപ്പെട്ടത്. വേണാട് എക്‌സ്പ്രസിലാണ് പ്രതികളെ വടക്കാഞ്ചേരിയിലെത്തിച്ചത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം പൊലീസ് വലയത്തിൽ പോകുന്നതിനിടെ പ്രതികൾ സ്റ്റേഷനിലെത്തിയ ദൻബാദ് ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയും അതിസാഹസികമായി പാളം മുറിഞ്ഞ് കടന്ന് സ്റ്റേഷന് തൊട്ടുള്ള ചരൽപറമ്പ് മലയിലേക്ക് ഓടിക്കയറുകയുമായിരുന്നു. വൈകിട്ട് ഒന്നാംകല്ല് പാടശേഖരത്തെ ഷെഡിൽ വച്ച് രാഹുലിനെ പിടികൂടുമ്പോൾ വിനീതും തൊട്ടരികിൽ ഉണ്ടായിരുന്നു. വിനീത് ഓടിരക്ഷപ്പെട്ടു. ഊർജിത അന്വേഷണം നടന്ന് വരുന്നതിനിടെ സുരക്ഷയെ വെല്ലുവിളിച്ച് വിനീത് കുമ്പളങ്ങാട് സ്വദേശിയുടെ ബുള്ളറ്റുമായി വടക്കാഞ്ചേരി വിട്ടു. വടക്കുംമുറി പഷണത്ത് ശരത്തിന്റെ (35) റോയൽ എൻഫീൽഡ് ഹണ്ടർ (കെ.എൽ 48. എസ് 1360) ബൈക്ക് ആണ് കവർന്നത്. ഇതുമായി വിനീത് ആലപ്പുഴയിലെത്തിയതായി റിപ്പോർട്ടുണ്ടെങ്കിലും പൊലീസിന് നാണക്കേട് സമ്മാനിച്ച് കാണാമറയത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |