SignIn
Kerala Kaumudi Online
Tuesday, 29 September 2026 4.22 PM IST

മണലയം പാലം നിർമ്മാണത്തിന് തുടക്കമായി

photo1

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ വെമ്പ് പച്ചമല റോഡിലെ മണലയം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലം തകർന്ന് യാത്രാദുരിതം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 9 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം ആരംഭിച്ചത്. നിലവിലെ തകർന്ന റോഡ് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. റോഡ് പഴയ നിലയിൽ ഗതാഗതയോഗ്യമാക്കുന്നതിന് ഏകദേശം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുക കണ്ടെത്തുന്നതിന് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എം.എൽ.എ എന്നിവരുടെ സഹായം കൂടി ഉണ്ടാകണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.

മണലയം പാലം

കുറുപുഴ ജംഗ്ഷനിൽ നിന്നും പച്ചമല വഴി തൊളിക്കോട് പൊൻമുടി ഭാഗത്തേക്ക് പോകുന്ന റോഡിലെ മണലയം പാലമാണ് പൂർണമായും തകർന്നത്. അമിതഭാരം കയറ്റിയുള്ള ലോറികളുടെ മരണപ്പാച്ചിലാണ് റോഡ് തകർച്ചയ്ക്ക് കാരണം. 50 വർഷത്തോളം പഴക്കമുണ്ട് ഈ പാലത്തിന്. ഇളവട്ടം ആലുംകുഴി പി.ഡബ്ല്യു.ഡി റോഡിന്റെ നവീകരണത്തിനാവശ്യമായ സാധനങ്ങളുമായി അനേകം ലോറികൾ മണലയം പാലത്തിലൂടെയാണ് പോകുന്നത്. പാലം തകർന്നതോടെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിറുത്തിവച്ചു.

യാത്രാദുരിതവും

പാലം തകർന്നതോടെ കെ.എസ്.ആ‌ർ.ടി.സി ബസുകളുടെ വരവും നിലച്ചു. ഇതോടെ പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതവും തുടങ്ങി. മിക്ക വീടുകളിലും കിടപ്പുരോഗികൾ ഉൾപ്പെടെ നിരവധി രോഗികളുണ്ട്. ഇവർക്ക് ആവശ്യത്തിന് ആശുപത്രികളിൽ പോകാനോ കിടപ്പുരോഗികൾക്ക് ചികിത്സ നൽകാനോ ആരോഗ്യവകുപ്പിന് എത്തിപ്പെടാനോ കഴിയാറില്ല. പഞ്ചായത്ത് ഫണ്ട് അനുവദിച്ചതോടെ താത്കാലിക പരിഹാരമാണ് ഉണ്ടായത്.

ഗതാഗതം നിരോധിച്ചു

പാലം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വെമ്പ് ക്ഷേത്രം ആലുങ്കുഴി റോഡിൽ ഗതാഗതം നിരോധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL