SignIn
Kerala Kaumudi Online
Monday, 21 September 2026 7.26 PM IST

എങ്ങുമെത്താതെ വർക്കലയിലെ ആഗോള ആയുർവേദ പദ്ധതി

global-ayurvedha-project

വർക്കല: കേരളത്തെ ആയുർവേദത്തിന്റെ ലോക തലസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ 2014ൽ ഉമ്മൻചാണ്ടി സർക്കാർ ആവിഷ്കരിച്ച ആഗോള ആയുർവേദ ഗ്രാമം പദ്ധതി പെരുവഴിയിൽ. വ്യവസായങ്ങളും ആരോഗ്യ സംരക്ഷണവും തമ്മിലുള്ള പരസ്പര ബന്ധത്തെ സ്വാധീനിക്കുന്ന സംയോജിത ആശയമായിരുന്നു പദ്ധതി. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ആയുർവേദവും യോഗയും അനുബന്ധ ഉത്പന്നങ്ങളും പ്രദർശിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ താത്പര്യം കൂടി പരിഗണിച്ചുകൊണ്ടാണ് കേരള സർക്കാർ ഇതിനായി പദ്ധതി രൂപരേഖ തയാറാക്കിയത്. ദേശീയ ഇന്നവേഷൻ കൗൺസിൽ ചെയർമാനായിരുന്ന ഡോക്ടർ സാം പിത്രോഡയാണ് ‍കേരളത്തെ ‘ആയുർവേദത്തിന്റെ ലോക തലസ്ഥാന'മാക്കി മാറ്റാമെന്നുമുള്ള ആശയം മുന്നോട്ടുവച്ചത്.

 സ്ഥലവും കണ്ടെത്തി

ആയുർവേദ ഗ്രാമം പദ്ധതിക്കായി വർക്കല ഇലകമൺ പഞ്ചായത്തിൽ 63.25 ഏക്കറും തോന്നയ്ക്കലിൽ 7.48 ഏക്കറും സ്ഥലം കണ്ടെത്തിയിരുന്നു. പദ്ധതിയുടെ ആദ്യപടിയായി ഇലകമൺ പഞ്ചായത്തിലെ കായൽപ്പുറം,ഹരിഹരപുരം എന്നിവിടങ്ങളിലായി 1.25 കിലോമീറ്റർ ചുറ്റളവിൽ 35 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. പദ്ധതിയുടെ നോഡൽ ഏജൻസിയായി കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കിൻഫ്ര) നിയമിക്കപ്പെട്ടിരുന്നു. 200 കോടി രൂപയോളം പദ്ധതി ചെലവും 1200 ഓളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതി നാല് വർഷംകൊണ്ട് യാഥാർത്ഥ്യമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനുണ്ടായിരുന്നത്.
എന്നാൽ കമ്പിവേലികൊണ്ട് ചുറ്റുമതിലും സെക്യൂരിറ്റി റൂം നിർമ്മിച്ചതോടെ കഴിഞ്ഞ 10 വർഷത്തെ നിർമ്മാണ പ്രവൃത്തികൾ ഒതുങ്ങി.

 തടസ്സങ്ങൾ ഏറെ...

പ്രദേശത്തേക്കുള്ള ഇടുങ്ങിയ റോഡുകൾ നിർമ്മാണത്തിന് തടസമായി. നിർമ്മാണ സാമഗ്രികളെത്തിക്കുന്നതിനായി വലിയ ട്രെയിലറുകൾ കടന്നുപോകുന്നതിനുള്ള വീതി റോഡുകൾക്ക് ആവശ്യമാണെന്ന് കണ്ടെത്തിയതോടെ റോഡിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിച്ചെങ്കിലും വസ്തു വിട്ടുകൊടുക്കുന്നതിൽ എതിർപ്പ് ഉന്നയിച്ചതിനാൽ അത് മുടങ്ങി.

 പദ്ധതിയും ഒതുങ്ങി

സമീപകാലത്ത് നടന്ന ചർച്ചകളുടെ ഭാഗമായി സ്ഥലം വിട്ടുകൊടുക്കുന്നതിൽ ധാരണയാവുകയും സ്വകാര്യകമ്പനികളിൽ ചിലർ പദ്ധതി ഏറ്റെടുക്കാൻ താല്പര്യം കാണിക്കുകയും ചെയ്തിട്ടുണ്ട്. അന്യാധീനപ്പെട്ട പ്രദേശത്ത് സാമൂഹ്യവിരുദ്ധർ തമ്പടിക്കാൻ തുടങ്ങിയതോടെ പദ്ധതി പ്രദേശത്തെ കമ്പിവേലികൾ തകർക്കപ്പെട്ടു. പദ്ധതി നടത്തിപ്പിനായി ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 5 കോടി രൂപയിൽ ഒതുങ്ങി പദ്ധതിപ്രവർത്തനങ്ങൾ. മതിപ്പുവില നിശ്ചയിച്ച് നാട്ടുകാരിൽ നിന്ന് ഏറ്റെടുത്ത ഭൂമി കാടുകയറി നശിച്ചു.

പ്രോജക്ട് ഘടകങ്ങൾ

1. 100 കിടക്കകളുള്ള സംയോജിത ആയുർവേദ വെൽനെസ് സെന്റർ

2. സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോളിനായി വ്യവസ്ഥാപിത ഡോക്യുമെന്റേഷൻ.

3. വിവർത്തന ഗവേഷണത്തിനായി അക്കാഡമിക് ഫെലോഷിപ്പ് പ്രോഗ്രാം.

4. പൊതുജനാരോഗ്യ ഇടപെടൽ, മെഡിറ്റേഷൻ ആൻഡ് യോഗ ഹാൾ, മ്യൂസിക് തെറാപ്പി,

വാട്ടർ സ്പോർട്സ് സൗകര്യം, നേച്ചർ ഹെൽത്ത് ക്ലബ്

5. യുവ ഡോക്ടർമാരുടെ ഇൻകുബേഷൻ സെന്റർ നാനോ ടെക്‌നോളജി, ബയോ ടെക്‌നോളജി, ജീനോമിക് റിസർച്ച് എന്നിവയുടെ പിന്തുണയോടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സംയോജിത ഗവേഷണ പ്രവർത്തനങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL