SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.17 PM IST

ഓണം കാത്ത് മൺപാത്ര നിർമ്മാണ തൊഴിലാളികൾ

f

കിളിമാനൂർ: ഓണക്കാലമായതോടെ മൺപാത്ര നിർമ്മാണ തൊഴിലാളികൾ പ്രതീക്ഷയിലാണ്. അസംസ്‌കൃത വസ്തുവായ കളിമണ്ണിന്റെ ക്ഷാമവും​ നിർമ്മാണ ചെലവിന് ആനുപാതികമായി വിലയില്ലാത്തതും കാരണം പരമ്പരാഗത മൺപാത്ര മേഖല പ്രതിസന്ധിയിലായിരുന്നു. മുൻപ് ആയിരത്തിലധികം കുടംബങ്ങളാണ് മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. ഇന്ന് പേരിനു മാത്രം അവശേഷിക്കുന്നു. വേളാർ സമുദായക്കാരാണ് കൂടുതലായും മൺപാത്ര നിർമ്മാണത്തെ ആശ്രിയിക്കുന്നത്. നെയ്യാറ്റിൻകര,ആറ്റിങ്ങൽ,നെടുമങ്ങാട്, കൊടുവഴന്നൂർ എന്നിവിടങ്ങളാണ് മൺപാത്ര നിർമ്മാണകേന്ദ്രം. പാടശേഖരങ്ങളിൽ നിന്ന് കളിമണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണം വന്നതോടെ തമിഴ്‌നാട്ടിൽ നിന്ന് മറ്റും അരച്ചെടുത്ത കളിമണ്ണ് എത്തിക്കുകയാണ്. ഇതിന് ലോഡ് കണക്കിന് 15,000 രൂപയാണ് വില. കരകൗശല വസ്തുക്കൾ നിർമ്മിച്ച് പലരും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മുന്നോട്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്. സർക്കാരിൽ നിന്നും സഹായമാകട്ടെ ലഭിക്കുന്നുമില്ല.

അഞ്ച് ഘട്ടങ്ങൾ

കളിമണ്ണ് കുഴച്ച് മൺപാത്രം നിർമ്മിക്കണമെങ്കിൽ അഞ്ച് ഘട്ടങ്ങളാണുള്ളത്. കളിമണ്ണ് കൊണ്ട് ആദ്യം ചക്രത്തിൽ വച്ച് പാത്രങ്ങൾ നിർമ്മിച്ചെടുക്കണം. പിന്നീട് വെയിലത്ത് വച്ച് ഉണക്കിയശേഷം ബേക്ക് ചെയ്തെടുക്കും. മൺപാത്രം നിർമ്മിക്കുന്ന ചക്രത്തിന് 25,000 രൂപയാണ് വില. കളിമണ്ണ് അരയ്ക്കുന്ന മെഷീന് 50,000 രൂപയും, ബേക്കിംഗ് മെഷീന് 4 ലക്ഷം രൂപയുമാണ് ചെലവ്. വാങ്ങാൻ കഴിവില്ലാത്തവർ വിറക് കത്തിച്ച് മൺമാത്രങ്ങൾ ചൂടാക്കിയെടുക്കും.

വിലവർദ്ധന തിരിച്ചടി

മണ്ണിന്റെ ദൗർലഭ്യവും പാത്രങ്ങൾ ചുട്ടെടുക്കാനുള്ള വിറകിന്റെ വില കൂടിയതും മൺപാത്ര നിർമ്മാണത്തെ നഷ്ടത്തിലാക്കി. ജോലിക്ക അനുസരിച്ച് കൂലിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന മൺപാത്ര നിർമ്മാണമാണ് അധികൃതരുടെ അവഗണന മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഓണം ഉത്സവം തുടങ്ങി സീസണുകളിൽ മാത്രമാണ് മൺപാത്രങ്ങൾക്കാവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL