SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

ചിറയിൻകീഴ് താലൂക്കിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു

photo

ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്കിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ദിനംപ്രതി തെരുവുനായ്ക്കളുടെ കടിയേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനയാണ്. സന്ധ്യ കഴിഞ്ഞാൽ താലൂക്കിലെ മിക്ക ഇടറോഡുകളുടെയും ഭരണം തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിലാണ്. അബദ്ധത്തിൽ എങ്ങാനും ഏതെങ്കിലും വഴിയാത്രക്കാരൻ അതുവഴി എത്തിയാൽ പെട്ടതുതന്നെ. പല ഇടറോഡുകളിലും മതിയായ തെരുവ് ലൈറ്റുകളും ഇല്ല. പലയിടത്തും ഉള്ളതുപോലും പ്രകാശിക്കാറുമില്ല.

പ്രധാന പ്രശ്നം മാലിന്യം

ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും പൊതുനിരത്തുകളിൽ തള്ളുന്നതിനാലാണ് തെരുവ് നായ്ക്കൾ വർദ്ധിക്കാൻ കാരണം. പൗൾട്രി ഫോമുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ ചാക്കുകളിലാക്കി റോഡരികിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും ഒക്കെയാണ് രാത്രികാലങ്ങളിൽ കൊണ്ടിടുന്നത്. നാട്ടിൻപുറങ്ങളിൽ വീട്ടുകാർ പുറന്തള്ളുന്ന മാലിന്യങ്ങളാണ് നാട്ടിലിറങ്ങി നടക്കുന്ന തെരുവ് നായ്ക്കളുടെ ആഹാര സ്രോതസ്. ഇവയ്ക്ക് ആഹാരം കിട്ടാതെ വരുമ്പോൾ കുട്ടികൾക്കും നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട്.

അപകടങ്ങൾ പതിവ്

കൊടും വളവുള്ള റോഡുകളിലും തെരുവോരങ്ങളിലും അപ്രതീക്ഷിതമായി ചാടിയിറങ്ങി ടൂവീലർ യാത്രക്കാർക്ക് പൊല്ലാപ്പുണ്ടാക്കുന്നത് നിത്യസംഭവമാണ്. പല റോഡുകളിലും ടൂവീലറുകളുടെ പിന്നാലെ ഓടുന്ന തെരുവുനായ്ക്കളെയും കാണാം. പലരും അപകടത്തിൽപ്പെടാറുമുണ്ട്.

ശല്യം സഹിക്കാനാകാതെ

പ്രഭാത-സായാഹ്ന നടത്തക്കാർക്കും പത്ര വിതരണക്കാർക്കും അതിരാവിലെ ജോലികൾക്കും പഠനങ്ങൾക്കുമായൊക്കെ വീടിനു പുറത്തിറങ്ങുന്ന കാൽനടയാത്രക്കാർക്കും തെരുവുനായ്ക്കൾ സ്ഥിരം ശല്യമാണ്. അമ്പലപ്പറമ്പുകൾ, സർക്കാർ ഓഫീസ് പരിസരം, ആശുപത്രി കോമ്പൗണ്ട്, ചന്തയുടെ പരിസരം എന്നിവിടങ്ങളെല്ലാം തെരുവുനായ്ക്കളുടെ സ്വൈരവിഹാര കേന്ദ്രങ്ങളാണ്. തെരുവുനായ്ക്കളെ കൊല്ലുന്നതിന് വിലക്ക് വന്നതോടെയാണ് പെരുകാനിടയായത്. ഇവ പെരുകുന്നത് നിയന്ത്രിക്കാൻ നടപ്പിലാക്കിയ പദ്ധതികളും ഫലം കണ്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL