SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

ക്ഷീരമേഖല പ്രതിസന്ധിയിൽ

പാലോട്: ഗ്രാമീണ മേഖലയുടെ നെടുംതൂണായ പശുവളർത്തലിൽ വിജയക്കൊടി ചാർത്തിയ മലയോര മേഖലയിലെ ക്ഷീരകർഷകർക്ക് പ്രതിസന്ധിയായ് വേനൽക്കാലം. വാമനപുരം നദിയെ പ്രയോജനപ്പെടുത്തി നിരവധി പേരാണ് കാലിവളർത്തലിൽ ഏർപ്പെട്ടിട്ടുള്ളത്.

പാൽ ലഭ്യതയിൽ നന്ദിയോട് തന്നെയാണ് ഇന്നും മുന്നിൽ. സങ്കരയിനം പശുക്കളെയാണ് കർഷകർ വളർത്തുന്നത്. കൃത്യമായ പരിചരണം ലഭ്യമായതിനാൽ മികച്ച പാൽ ഉത്പാദനമാണ് ഉണ്ടായിരുന്നത്. രണ്ടോ മൂന്നോ പശുക്കളുള്ള കർഷകരാണ് ഗ്രാമപ്രദേശങ്ങളിൽ കൂടുതലും. ഇവരുടെ ഉപജീവനമാർഗ്ഗം കൂടിയാണ് കാലിവളർത്തൽ.

നന്ദിയോട് മേഖലയിൽ മിൽമയുടെ ഏഴോളം പാൽ സംഭരണകേന്ദ്രങ്ങളുണ്ട്. വീടുകളിൽ നിന്ന് ലഭിക്കുന്ന പാൽ ചെറിയ സംഘങ്ങളിലെത്തിച്ച്, അവിടെനിന്ന് നന്ദിയോട് പ്രവർത്തിക്കുന്ന മിൽമയുടെ ഫില്ലിംഗ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് മിൽമയുടെ അമ്പലത്തറയിലെ പ്ലാന്റിലെത്തിക്കുകയാണ് ചെയ്യുന്നത്. വേനൽ കടുത്തതോടെ കടുത്ത പാൽക്ഷാമമാണ് നിലവിലുള്ളത്.

കുളമ്പുരോഗവും

ക്ഷീരകർഷക മേഖലയിലെ പ്രധാന പ്രതിസന്ധിയായി കണക്കാക്കപ്പെടുന്നത് കുളമ്പുരോഗമാണ്. ഇതിനു പരിഹാരമായി കുളമ്പുരോഗ പ്രതിരോധ വാക്സിൻ നിർമ്മാണ യൂണിറ്റ്, പാലോട് പ്രവർത്തിക്കുന്ന ഇൻസ്റ്റിട്ട്യൂട്ട് ഒഫ് അനിമെൽ ഹെൽത്ത് ആൻഡ് വെറ്ററിനറിയിൽ സ്ഥാപിച്ചിട്ടുണ്ട്.

വേനൽക്കാല പരിചരണം

അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിനനുസരിച്ച് കാലികളിൽ ശ്വസനനിരക്കും വിയർപ്പും കൂടും. അന്തരീക്ഷ ഊഷ്മാവ് കൂടിയാൽ ശരീരത്തിലെ താപനില ഉയരും, കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി കാലികൾ ജീവൻ നിലനിറുത്താൻ ശ്രമിക്കും, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, വരളുന്ന മോണ, കൺപോളകൾ, തീറ്റയോട് വിരക്തി തുടങ്ങിയവയാണ് നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ. അടിയന്തരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് ഏക മാർഗ്ഗം.

രണ്ട് വയസ്സ് പ്രായമുള്ള പശുവിന് ഒരു ദിവസം ഏകദേശം 32 ലിറ്റർ വെള്ളമെങ്കിലും കൊടുക്കണം.

പരുത്തിക്കുരു, സോയാബീൻ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. കൂടാതെ പച്ച പുല്ല്, ഇലകൾ, ഈർക്കിൽ മാറ്റിയ ഓല, എന്നിവ കൂടുതൽ നൽകണം. വൈക്കോൽ രാത്രി നൽകുന്നതാണ് അഭികാമ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL