SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

ജില്ലയിൽ ഹർത്താൽ ശക്തം; പലയിടത്തും പൊലീസുമായി തർക്കം 

1

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ട്,നിതിൻരാജ് ആക്ഷൻ കൗൺസിലും ദളിത് സംഘടനകളും നടത്തിയ ഹർത്താൽ ജില്ലയിൽ ശക്തം.കടകൾ മിക്കതും അടഞ്ഞുകിടന്നു.പലയിടത്തും സമരക്കാർ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് പൊലീസുമായുള്ള തർക്കത്തിനിടയാക്കി.

ആറ്റിങ്ങൽ,കണിയാപുരം,നെടുമങ്ങാട്,കാട്ടാക്കട,തമ്പാനൂർ ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് സർവീസ് നടത്താനൊരുങ്ങിയ ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു.തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തർക്കമുണ്ടായി.ബസുകൾ കടത്തിവിടാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്.നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പള്ളിപ്പുറം ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.സ്ത്രീകളടക്കമുള്ള പ്രവർത്തകരാണ് റോഡിൽ പ്രതിഷേധിച്ചത്.നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്ന് ബസ് പുറത്തേക്കിറങ്ങാൻ അനുവദിക്കാതെയായിരുന്നു പ്രതിഷേധം.

കണിയാപുരത്ത് സംഘടിച്ചെത്തിയ സമരാനുകൂലികൾ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ ബസുകൾ തടഞ്ഞു.ഡിപ്പോയിൽ നിന്ന് ഒരു വാഹനം പോലും പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലായിരുന്നു പ്രതിഷേധം.ഇരുചക്ര വാഹനങ്ങളടക്കമുള്ള സ്വകാര്യ വാഹനങ്ങളെപോലും കടത്തിവിട്ടില്ല.കണിയാപുരം മുതൽ പള്ളിപ്പുറം വരെ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞത് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി.വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി എൻജിനിയറിംഗ് എൻട്രസ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളും കുരുക്കിൽ കുടുങ്ങി,പരീക്ഷ എഴുതാൻ കഴിയാതെയായി.അഞ്ച് മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്രക്കാർ വലഞ്ഞു.പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം ദേശീയപാതയിൽ സ്ത്രീകളടക്കമുള്ളവർ പ്ലക്കാർഡുകളുമായി റോഡിൽ ഉപരോധം സൃഷ്ടിച്ചു.

പ്രതിഷേധം തുടങ്ങി ഒന്നര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.സമരക്കാരെ ബലം പ്രയോഗിച്ച് നീക്കി.പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് പൊലീസും സമരക്കാരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റത്തിനും സംഘർഷാവസ്ഥയ്ക്കും കാരണമായി.രാവിലെ 10ഓടെ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി ചർച്ച നടത്തിയെങ്കിലും സ്ത്രീകളടക്കമുള്ള സമരക്കാർ പ്ലക്കാർഡുകളുമായി പ്രതിഷേധം തുടർന്നു.സർവീസ് റോഡിലും വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL