SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

കഴക്കൂട്ടത്ത് വി.മുരളീധരന് ജയം, കടകംപള്ളി തോറ്റു

തിരുവനന്തപുരം: ബി.ജെ.പിയുടെ തേരോട്ടത്തിന് സാക്ഷ്യംവഹിച്ച കഴക്കൂട്ടത്ത് വി.മുരളീധരന് അട്ടിമറി വിജയം. മണ്ഡലത്തിൽ ആദ്യഘട്ടങ്ങളിൽ കടകംപള്ളി സുരേന്ദ്രന് നേരിയ ലീഡ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നില മാറിമറിഞ്ഞു. വോട്ടെണ്ണലിന്റെ അവസാന റൗണ്ടിൽ ഉള്ളൂർ,മെഡിക്കൽ കോളേജ് ഭാഗത്തെത്തിയപ്പോൾ വി.മുരളീധരൻ ലീഡ് ഉയർത്തി. മണ്ണന്തല,ഇടവക്കോട് ഭാഗത്തെത്തിയപ്പോൾ വ്യക്തമായി മുന്നിലെത്തിയ മുരളീധരൻ ചെമ്പഴന്തിയിലെ വോട്ടെണ്ണി തുടങ്ങിയപ്പോൾ ലീഡ് ഉറപ്പി​ച്ചു. അതോടെ കടകംപള്ളി​ സുരേന്ദ്രന്റെ പരാജയം ഉറച്ചു.

നഗരപരിധിയിലെ സീറ്റുകളിൽ

എൽ.ഡി.എഫിന് തിരിച്ചടി

നഗരപരിധിയിലെ സീറ്റുകളിൽ യു.ഡി.എഫും ബി.ജെ.പിയും നേട്ടമുണ്ടാക്കിയപ്പോൾ എൽ.ഡി.എഫിന് തിരിച്ചടി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവസാനം വരെ നേമത്ത് ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ലീഡിൽ മുന്നിലായിരുന്നു. ഒരു ഘട്ടത്തിലെത്തിയപ്പോൾ 6700 വോട്ടായി ലീഡ് വർദ്ധിപ്പിക്കുകയും ചെയ്‌തു. കരമന,കൈമനം മേഖലയിൽ ലീഡ് അല്പം താഴ്ന്നെങ്കിലും കരുമത്ത് ലീഡുയർത്തി. എൽ.ഡി.എഫിന് വോട്ട് ലഭിക്കേണ്ട മണക്കാട്,കമലേശ്വരം,വെള്ളാർ മേഖലയിലെത്തിയപ്പോൾ ശബരീനാഥന് വോട്ട് വർദ്ധിച്ചതോടെ വി.ശിവൻകുട്ടി രണ്ടാം സ്ഥാനത്തായി.

വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥി ആർ.ശ്രീലേഖ ഒരു ഘട്ടത്തിലും മുന്നിലെത്തിയില്ല. കെ.മുരളീധരനും വി.കെ.പ്രശാന്തും തമ്മിലായിരുന്നു പോരാട്ടം. 8 മുതൽ 11 വരെ റൗണ്ടുകളിൽ കെ.മുരളീധരൻ പിന്നിലായി. 11ാം റൗണ്ടിന് ശേഷം മുരളീധരൻ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. നാലാഞ്ചിറ ഭാഗത്തുനിന്നും മുരളീധരന് പ്രതീക്ഷിച്ച ലീഡ് ലഭിച്ചില്ല. മുട്ടട,പരുത്തിപ്പാറ മേഖലയിൽ ലീഡ് വി.കെ.പ്രശാന്തിനായിരുന്നു. കവടിയാർ ഭാഗത്തെ വോട്ടെണ്ണിയപ്പോഴാണ് മുരളീധരൻ മുന്നിലെത്തിയത്. നന്തൻകോട്, കുന്നുകുഴി ഭാഗത്തെ വോട്ട് വിജയം സമ്മാനിച്ചു.

തിരുവനന്തപുരത്ത് എട്ടാം റൗണ്ടിൽ സുധീർ കരമനയെ പിറകിലാക്കി കരമന ജയൻ രണ്ടാം സ്ഥാനത്തെത്തി. പന്ത്രണ്ടാം റൗണ്ടിൽ കരമന ജയൻ ലീഡ് ചെയ്തു. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടം. പേട്ട,വഞ്ചിയൂർ സിറ്റി മേഖല എത്തിയപ്പോൾ സി.പി.ജോണിനെ പിന്തള്ളി കരമന ജയൻ വീണ്ടും മുന്നിലെത്തി. വള്ളക്കടവ് മേഖലയിലെത്തിയപ്പോൾ സി.പി.ജോൺ ലീഡ് തിരിച്ചുപിടിച്ചു. ശ്രീകണ്ഠേശ്വരം, ശ്രീവരാഹം മേഖലയിൽ കരമന ജയന് വീണ്ടും ലീഡ്. അവസാന റൗണ്ടിൽ ബീമാപള്ളി മേഖലയിലെത്തിയപ്പോൾ സി.പി.ജോൺ വിജയം ഉറപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL