SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

കുടവൂർ - കണിയാംകോണം റോഡ്‌ നവീകരണം പ്രതിസന്ധിയിൽ

pani-mudangiya-nilayil

കല്ലമ്പലം: കുടവൂർ എ.കെ.എം.എച്ച്.എസ് - കണിയാംകോണം -മടന്തപ്പച്ച റോഡ്‌ നവീകരണം പ്രതിസന്ധിയിൽ. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച റോഡിന്റെയും പാലത്തിന്റെയും പണി മന്ദഗതിയിലായിട്ട് നാളുകൾ. ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയും പണികൾ പൂർത്തിയാക്കാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്.ശബരിമല 2024-25 നാവായിക്കുളം റിംഗ് റോഡ്‌ പദ്ധതിയിലുൾപ്പെടുത്തി അഡ്വ.വി.ജോയി എം.എൽ.എയാണ് ആറുറോഡുകളുടെ നവീകരണത്തിനായി ഫണ്ട് അനുവദിച്ചത്.തുടക്കത്തിൽ റോഡിന്റെയും പാലത്തിന്റെയും ജോലികൾ വേഗത്തിൽ നടത്തിയിരുന്നെങ്കിലും പഞ്ചായത്ത്‌,നിയമസഭാ തിരഞ്ഞെടുപ്പെത്തിയതോടെ പണികൾ മന്ദഗതിയിലായി. എന്നാൽ ദേശീയ പാതയൊഴിച്ച് മറ്റു റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ടാറിന് വില കൂടിയതോടെയാണ് പണി പൂർത്തിയാക്കാൻ കഴിയാത്തതെന്നും കരാറുകാർ പറയുന്നു. വർക്കെടുക്കുമ്പോൾ ഒരു കിലോ ടാറിന് 49 രൂപയായിരുന്നു വില.എന്നാലിപ്പോൾ 116 രൂപയായി വർദ്ധിച്ചു.അമിതവില കരാറുകാർക്ക് ലഭ്യമാക്കാമെന്നുള്ള ഉറപ്പ് സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ലഭിച്ചാൽ മാത്രമേ റോഡ്‌ നിർമ്മാണം പൂർത്തിയാക്കാൻ കഴിയൂവെന്ന നിലപാടാണ് കരാറുകാർക്കുള്ളത്.

ടാർ ഇളകി കുളമായി

റോഡിൽ മെറ്റൽ നിരത്തുകയും പാലത്തിന്റെ തട്ട്‌ കോൺക്രീറ്റ് ചെയ്യുകയും ചെയ്ത ശേഷമാണ് റോഡ് പണി നിറുത്തിയത്.ഇതോടെ മെറ്റലുകൾ ഇളകി കാൽനടയാത്രപോലും ദുസഹമായി.റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ട മണ്ണ് വേനൽ മഴയിൽ ഒലിച്ചിറങ്ങി റോഡ്‌ കുളമായ് കിടക്കുകയാണ്.റോഡ്‌ പണിയുടെ ആവശ്യങ്ങൾക്കായി സമീപത്തെ വീടുകളുടെ പരിസരങ്ങളിൽ ഇറക്കിയ ലോഡ് കണക്കിന് മണ്ണ് കോരി മാറ്റാത്തതും വീട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പ് റോഡ്‌ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 റോഡ്‌ നിർമ്മാണം പൂർത്തിയാക്കുന്നതിന് മുഖ്യ തടസം ടാറിന്റെ വില വർദ്ധനവാണ്. മഴയുടെ ഗതിയും വെള്ളത്തിന്റെ ഒഴുക്കും മനസിലാക്കിവേണം പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കേണ്ടത്. സർക്കാരും മഴയും കനിഞ്ഞാൽ റോഡ്‌ നിർമ്മാണം ഉടൻ പൂർത്തിയാക്കും.അഡ്വ.സുധീർ (കരാറുകാരൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL