
കടയ്ക്കാവൂർ: പാചകവാതക വില വർദ്ധനവിന്റെ ചുവടു പിടിച്ച്, ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിച്ചതോടെ സാധാരണക്കാരൻ പ്രാരബ്ധ നടുക്കടലിൽ. കൂടുതൽ ആശ്രയിക്കുന്ന തട്ടുകടകളിൽ വരെ വില കൂടി. മിക്ക ഹോട്ടലിലും ചായയ്ക്ക് 15 രൂപയാണ് നിരക്ക്. ചിലയിടങ്ങളിലിത് 20 വരെയെത്തും. കാപ്പിയുടെ വില 22 - 25 നിരക്കിലാണ്. പൊറോട്ടയ്ക്ക് അഞ്ച് രൂപ വരെ വർദ്ധിച്ചു. ഊണ്, ബിരിയാണി എന്നിവയ്ക്ക് പത്ത് മുതൽ 20 രൂപ വരെ വർദ്ധിച്ചു. ബേക്കറികളിൽ ലഘു ഭക്ഷണം, പലഹാരം എന്നിവയ്ക്ക് എട്ട് രൂപ വരെ വർദ്ധിപ്പിച്ചു. തൊഴിലാളികൾ, ദിവസ വേതനക്കാർ, ഓഫീസ് ജീവനക്കാർ എന്നിവരെയാണ് വിലവർദ്ധന പ്രതികൂലമായി ബാധിക്കുന്നത്.
പൂട്ടാനൊരുങ്ങി ഹോട്ടലുകൾ
അതേസമയം വിലക്കയറ്റവും ഇന്ധന ദൗർലഭ്യവുംമൂലം പിടിച്ചു നിൽക്കാനാവുന്നില്ല എന്നാണ് ഹോട്ടലുടമകൾ പറയുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില മൂവായിരമെന്നത് കരിഞ്ചന്തയിൽ 4000 വരെ ആകും. ചെറുകിട ഹോട്ടലുകളെയാണ് സാരമായി ബാധിക്കുന്നത്. പാൽ, നെയ്യ്, എണ്ണകൾ, പച്ചക്കറി എന്നിവയുടെ വിലയും കൂടി. തൊഴിലാളികളുടെ ലഭ്യതക്കുറവും മറ്റൊരു കാരണമാണ്. ഗ്യാസ് ഇല്ലായ്മ മൂലം പൂട്ടിയ ഹോട്ടലുകളിൽ ചിലത് തുറന്നെങ്കിലും വീണ്ടും അടച്ചുപൂട്ടലിന്റെ വക്കിലാണ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക ഇറക്കുമതിയിൽ വലിയ കുറവുണ്ട്. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും സാധാരണ ആവശ്യത്തിന് 60 ശതമാനം മുതൽ 65 ശതമാനം വരെ സിലിണ്ടറുകളാണ് നൽകുന്നത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലും പ്രവർത്തനം ഭാഗികമായി നിറുത്തി. പാചകം പരിമിതപ്പെടുത്തി വിറകടുപ്പുകളിലേക്ക് തിരിഞ്ഞ ഹോട്ടലുകളുമുണ്ട്. പ്രവർത്തനച്ചെലവ് കുറയ്ക്കുമെങ്കിലും ഇത് അദ്ധ്വാനം വർദ്ധിപ്പിക്കും.
വരുമാനം ഇടിച്ചത് ഇങ്ങനെ
വാണിജ്യ സിലിണ്ടർ വില 4,000 വരെ (കരിഞ്ചന്തയിൽ)
പാൽ, നെയ്യ്, എണ്ണകൾ, പച്ചക്കറി എന്നിവയുടെ വില വർദ്ധനവ്
തൊഴിലാളികളുടെ ലഭ്യതക്കുറവ്
ആവശ്യം, രണ്ടിന പരിഹാരം
പാചകവാതകത്തിന് സബ്സിഡി അനുവദിക്കണം.
വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം
ഹോട്ടൽ മേഖല ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. എത്രയും വേഗം വാണിജ്യ സിലിണ്ടറിന് സബ്സിഡി ഏർപ്പെടുത്തി ഈ വ്യവസായത്തെ സംരക്ഷിക്കണം.
ബ്രൗൺ,
ആറ്റിങ്ങൽ മേഖല പ്രസിഡന്റ്
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |