
മുടപുരം: വർഷങ്ങളായി തകർന്നുകിടക്കുന്ന അഴൂർ പഞ്ചായത്തിലെ തെങ്ങുംവിള പാലം വാഴവിള കവിന്റമൂല റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം. ചേമ്പുംമൂല നെൽപ്പാടത്തിന് നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
മുക്കോണി തോടിന് കുറുകെ നിർമ്മിച്ച പാലത്തിൽ നിന്നാണ് റോഡ് ആരംഭിക്കുന്നത്.
മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്കും ഈ റോഡ് ഏറെ സൗകര്യപ്രദമാണ്.
പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെയും കർഷകരുടെയും പ്രശ്നം പരിഹരിക്കുന്നതിനായി റോഡിന്റെ വീതിക്ക് കൂട്ടി സൈഡ് വാൾ നിർമ്മിച്ച് റോഡ് ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നെൽപ്പാടത്ത് ട്രാക്ടർ ഇറക്കുന്നതിന് റാമ്പും നിർമ്മിക്കണമെന്നാവശ്യവും ശക്തമാണ്.
മഴ പെയ്താൽ വെള്ളക്കെട്ടാകും. ഇതുമൂലം ഈ ഭാഗത്ത് വാഹന - കാൽനടയാത്ര ദുഷ്കരമായിരിക്കുകയാണ്.
നാട്ടുകാർ റോഡാക്കി
നടവരമ്പായിരുന്ന റോഡിനെ 20 വർഷം മുൻപ് നാട്ടുകാരുടെ ശ്രമഫലമായാണ് റോഡാക്കി മാറ്റിയത്. നാല് വർഷം മുൻപ് റോഡിന്റെ കുറച്ചുഭാഗത്ത് സൈഡ് വാൾ നിർമ്മിച്ചു.
സൈഡ് വാൾ നിർമ്മിച്ചതല്ലാതെ റോഡിലൂടെ യാത്രചെയ്യാൻ പാകത്തിൽ മണ്ണിട്ട് നികത്തിയില്ല. നാട്ടുകാർ റോഡ് നിർമ്മിച്ച് രണ്ട് പതിറ്റാണ്ടു കഴിഞ്ഞിട്ടും മെറ്റൽ ചെയ്യാനോ ടാർ ചെയ്യാനോ ഇനിയും അധികൃതർ തയ്യാറായിട്ടില്ല.
അവഗണിക്കുന്നെന്ന്
മുക്കോണി തോടിന് കുറുകെ പാലവും റോഡും നിർമ്മിച്ചു. എന്നാൽ ക്ഷേത്രത്തിന് മുന്നിൽ നിന്ന് തെങ്ങുംവിള പാലം വരെ മാത്രമെ റോഡ് ടാർ ചെയ്തിട്ടുള്ളൂ. ബാക്കിയുള്ള നാട്ടുകാർ നിർമ്മിച്ച ഭാഗം ഇനിയും ടാർ ചെയ്തിട്ടില്ല.
തെങ്ങുംവിള വാഴവിള കവിന്റമൂല റോഡ് ഗതാഗതയോഗ്യമാക്കാൻ റോഡ് ടാർ ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണം.
പി.പവനചന്ദ്രൻ,മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |