തൊടുപുഴ: 2023 ജൂലായിൽ തൊടുപുഴ നഗരത്തിലെ മുന്നൂറോളം കുടുംബങ്ങൾക്ക് അമിത വൈദ്യുതി ബിൽ വന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കെ.എസ്.ഇ.ബി തൊടുപുഴ ഡിവിഷനിൽ നിന്ന് അമിത വൈദ്യുതി ബിൽ ലഭിച്ച ഉപഭോക്താക്കൾക്ക് വേണ്ടി തൊടുപുഴ സ്വദേശി സണ്ണി സെബാസ്റ്റ്യൻ മണർകാട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തൊടുപുഴ നഗരസഭയിലെ മൂന്നാം വാർഡും സമീപ പ്രദേശങ്ങളും ഉൾപ്പെടെ മുന്നൂറോളം വീടുകളിലെ ഉപഭോക്താക്കൾക്കാണ് പതിവിനേക്കാൾ പലമടങ്ങ് ഉയർന്ന വൈദ്യുതി ബില്ലുകൾ ലഭിച്ചത്. ഉപയോഗത്തിൽ കാര്യമായ വർദ്ധനയില്ലാതിരുന്നിട്ടും പതിനായിരങ്ങളുടെ ബില്ലുകൾ ലഭിച്ചതോടെ ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാതിക്കാരനായ സണ്ണി സെബാസ്റ്റ്യന് ലഭിച്ച ബിൽ 60,601 രൂപ ആയിരുന്നു. തുടർന്ന് 2023 ജൂലായ് 12ന് കെ.എസ്.ഇ.ബി തൊടുപുഴ ഡിവിഷനിലെ അസിസ്റ്റന്റ് എൻജിനീയർക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും വൈദ്യുതി മന്ത്രിക്കും പരാതി നൽകിയിരുന്നു. 2023 ഡിസംബർ 10ന് തൊടുപുഴയിൽ നടന്ന നവകേരള സദസിൽ 18 ഉപഭോക്താക്കളുടെ ഒപ്പോടുകൂടിയ കൂട്ടപരാതിയും സമർപ്പിച്ചു. എന്നാൽ പരാതികളിൽ ഫലപ്രദമായ നടപടിയുണ്ടായില്ലെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. തുടർന്ന്, തർക്കവിധേയമായ ബില്ലുകളിൽ പിഴയും പലിശയും ഉൾപ്പെടുത്തി 24 പ്രതിമാസ തവണകളായി തുക അടയ്ക്കാൻ നിർദേശിച്ചതോടെ നിരവധി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായി. മൂന്ന് വർഷത്തോളമായി വിവിധ തലങ്ങളിൽ പരാതി നൽകിയിട്ടും അന്വേഷണം നടക്കാതിരുന്നതിനെ തുടർന്നാണ് സണ്ണി സെബാസ്റ്റ്യൻ വീണ്ടും സർക്കാരിനെ സമീപിച്ചത്. പരാതി പരിശോധിച്ച സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിജിലൻസ് സംഘം പരാതിയിലുള്ള രേഖകൾ പരിശോധിച്ച് അന്നത്തെ ബില്ലിങ് നടപടിക്രമങ്ങൾ, മീറ്റർ റീഡിങ്, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം, ഉപഭോക്താക്കൾക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് വിവരം. വിജിലൻസ് അന്വേഷണത്തിലൂടെ കെ.എസ്.ഇ.ബി.യുടെ ഭാഗത്തുണ്ടായതായി ആരോപിക്കുന്ന അനാസ്ഥയും വീഴ്ചകളും പുറത്തുവരുമെന്നും നഷ്ടം നേരിട്ട ഉപഭോക്താക്കൾക്ക് അർഹമായ നഷ്ടപരിഹാരവും നിയമപരമായ പരിഹാരവും ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് പരാതിക്കാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |