
കല്ലമ്പലം: കല്ലമ്പലത്ത് ടിപ്പർ ലോറികളുടെ മരണപ്പാച്ചിലും അപകടങ്ങളും തുടർക്കഥയാകുമ്പോൾ വേഗത നിയന്ത്രിക്കണമെന്നാവശ്യം ശക്തമാകുന്നു.കഴിഞ്ഞ ദിവസം രാവിലെ കല്ലമ്പലത്ത് അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി സ്കൂട്ടിയിലിടിച്ച് വൃദ്ധൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. അമിതവേഗതയിലായിരുന്ന ടിപ്പർ നിറുത്താതെ പോയി.
മടവൂർ - പള്ളിക്കൽ - കട്ടുപുതുശ്ശേരി റോഡിലും, വെള്ളല്ലൂർ - ചെമ്മരത്ത് മുക്ക് റോഡിലും ടിപ്പർ ലോറികളുടെ അമിതവേഗതമൂലം അപകടങ്ങൾ വർദ്ധിക്കുന്നതായി പരാതിയുണ്ട്.
പുലർച്ചെ പൊതുവേ പ്രദേശത്ത് പൊലീസ് പരിശോധനകൾ ശക്തമല്ലാത്തതിനാൽ,പാസില്ലാതെ മണ്ണും മണലും പാറയുമൊക്കെ കടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു.പാസില്ലാതെ കൊണ്ടുപോകുന്ന സാധനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കേണ്ടിടത്ത് എത്തിക്കാനാണ് ഈ മരണപ്പാച്ചിൽ.
രാവിലെ മുതൽ നിശ്ചിത സമയം ടിപ്പർലോറികൾ ഓടുന്നതിന് നിയന്ത്രണമുണ്ടെങ്കിലും ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലോറികൾ ചീറിപ്പായുന്നത്.ഈ മേഖലയിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ടിപ്പർ ലോറികളുടെ അമിതവേഗതമൂലം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കല്ലമ്പലം, പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറോളം പേരാണ് ടിപ്പർ ലോറിയിടിച്ച് മരിച്ചത്.
ചെറുതും വലുതുമായി പതിനാറോളം അപകടങ്ങളൾ വേറെയും.
പത്ര,പാൽ,മത്സ്യ വിതരണക്കാർക്കും,പുലർച്ചെ പ്രഭാത സവാരിക്കിറങ്ങുന്നവർക്കും,തൊഴിലാളികൾക്കും ടിപ്പറുകൾ ഒരു പേടി സ്വപ്നമാണ്.
പല ലോറികളും പെർമിറ്റ് ഇല്ലാതെയാണ് ഓടുന്നതെന്നും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |