
1കോടിരൂപ ചെലവിൽ നവീകരിച്ച കുളം 10 മാസമായി അടഞ്ഞുതന്നെ
നെടുമങ്ങാട്: നവീകരണം പൂർത്തിയാക്കിയ കരകുളം നീന്തൽക്കുളം തുറന്നു നൽകാത്തതിൽ പ്രതിഷേധവുമായി കായികപ്രതിഭകൾ. പായൽ മൂടി പത്ത് വർഷം അടഞ്ഞുകിടന്ന നീന്തൽകുളം ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് നാടിനു സമർപ്പിച്ചിട്ട് പത്ത് മാസത്തോളമാകുന്നു. കുളത്തിന്റെ മേൽനോട്ടവും പരിപാലനവും ഉറപ്പാക്കേണ്ട കരകുളം ഗ്രാമപഞ്ചായത്ത് ഇപ്പോഴും ഉറക്കത്തിലാണ്.ഫിൽട്ടറിംഗ് യൂണിറ്റും ബേബി പൂളും നടപ്പാതയും കുളത്തിനോട് ചേർന്ന് ജിംനേഷ്യവും ഉൾപ്പടെ നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
പരിശീലനത്തിനായി സ്ഥാപിച്ച അലുമിനിയം കമ്പികൾ പൂർണമായും തുരുമ്പെടുത്ത് നശിച്ചു.പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാൻ സ്ഥാപിച്ചിരുന്ന ലോഹനിർമ്മിത ഉപകരണങ്ങളും പരിപാലനമില്ലാതെ ഉപയോഗശൂന്യമായി. കുളത്തിന് സമീപത്തു നിർമ്മിച്ച പുതിയ കെട്ടിടവും നാശത്തിന്റെ വക്കിലാണ്.
ഇഴജന്തുക്കളും കൊതുകും
കുളമിപ്പോൾ കൊതുകുകളുടെ പ്രജനനകേന്ദ്രമാണ്. ചുറ്റുവട്ടം മുഴുവൻ കാടുപിടിച്ച് കിടക്കുന്നതിനാൽ പകൽ സമയങ്ങളിലും ഇഴജന്തുക്കളുടെ ശല്യമുണ്ട്. തെരുവുനായ ശല്യം പെരുകുന്നതിനാലും പ്രദേശവാസികൾക്ക് സുരക്ഷാഭീഷണിയായിട്ടുണ്ട്. സ്ഥലം എം.എൽ.എ ജി.ആർ.അനിൽ മന്ത്രിയായിരിക്കെ ബഡ്ജറ്റ് ഫണ്ടിൽ ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കുളത്തിനാണ് ഈ ദുര്യോഗം.
ഓപ്പറേഷൻ ഒളിമ്പ്യ" കാണാമറയത്ത്
തറട്ട വാർഡിലുള്ള പ്രകൃതിദത്ത കുളത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ദിവസവും നൂറുകണക്കിന് പേർ പരിശീലനത്തിന് എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പഞ്ചായത്തിന്റെ കായിക പരിശീലന പദ്ധതിയായ 'ഓപ്പറേഷൻ ഒളിമ്പ്യ"യിൽ ഉൾപ്പെടുത്തി സ്കൂൾ കുട്ടികൾക്ക് പരിശീലനവും നൽകിയിരുന്നു. സ്കൂൾസ് നാഷണലിൽ പി.ജെ.ജയദീപ്, ജില്ലാ-സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ വി.എസ്. അശോക്, വി.എസ്.അശ്വിൻ എന്നിവരും സ്കൂൾതല സംസ്ഥാന മത്സരങ്ങളിൽ എസ്.ആർ. അനുവുമുൾപ്പടെ പ്രശസ്തരായ നിരവധി താരങ്ങൾ ഇവിടെ പരിശീലിച്ചവരാണ്. കേന്ദ്ര-സംസ്ഥാന സർവീസുകളിൽ പ്രവേശിച്ചവരും നിരവധിയുണ്ട്. നവീകരിച്ച കുളം കേന്ദ്രീകരിച്ച് 'ഓപ്പറേഷൻ ഒളിമ്പ്യ" പുനരാരംഭിക്കുമെന്ന മുൻ പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദ്ധാനവും നടപ്പായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |