SignIn
Kerala Kaumudi Online
Wednesday, 08 July 2026 11.24 PM IST

അരുവിക്കര ജംഗ്‌ഷൻ വികസനം പാതി വഴിയിൽ

photo

നെടുമങ്ങാട്: വിനോദ സഞ്ചാരികളുടെ സ്വപ്നതീരമായ അരുവിക്കരയിൽ റോഡ് വികസനം പാളുന്നു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി നഷ്ടപരിഹാരം കൈപ്പറ്റിയതിന് ശേഷം ഭൂമി വിട്ടുകൊടുക്കാൻ സ്ഥലവാസികൾ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇതോടെ അലൈന്മെന്റും ഓട നിർമ്മാണവും അനിശ്ചിതത്വത്തിലായി. ഒരു വർഷത്തെ നിർമ്മാണ കാലയളവ് പൂർത്തിയാകുമ്പോഴും പ്രാരംഭഘട്ടം കടക്കാനായിട്ടില്ല.

50,000 മുതൽ 23ലക്ഷം രൂപ വരെ നഷ്ടപരിഹാരം കൈപ്പറ്റിയവരുണ്ട്. പണം കൈപ്പറ്റിയ ശേഷം സ്വാധീനം ഉപയോഗിച്ച് അലൈൻമെന്റ് തിരുത്താൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ധം ചെലുത്തുന്നതായാണ് ആക്ഷേപം.

നടപ്പാതയും ഡ്രെയിനേജും ത്രിശങ്കുവിൽ

2.20കിലോമീറ്റർ നീളത്തിൽ 12മീറ്റർ വീതി നിശ്ചയിച്ചിരിക്കെ പലഭാഗങ്ങളും കുപ്പിക്കഴുത്ത് പോലെയാണ്. അരുവിക്കര ജംഗ്‌ഷനിൽ നിന്ന് 100മീറ്റർ മാറി, ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിന്റെ എതിർവശത്ത് മൂന്നു തവണ ഓട പൊളിച്ചു പണിഞ്ഞിട്ടും പരിഹാരമായിട്ടില്ല. നിർമ്മാണ ജോലികൾ ഇഴയുന്നത് വിദ്യാർത്ഥികളടക്കമുള്ളവരെ വട്ടംചുറ്റിക്കുകയാണ്. ചെളിയും പൊടിയും നിറഞ്ഞ ജംഗ്‌ഷനിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കടകളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ.

കാൽനടയാത്രക്കാർക്കുള്ള നടപ്പാത, മഴവെള്ള ഓട,ഡ്രെയിനേജ് സംവിധാനം,കാത്തിരിപ്പ് കേന്ദ്രങ്ങൾ,തെരുവു വിളക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥലപരിമിതി വില്ലനാകുമോയെന്ന ആശങ്ക ഉദ്യോഗസ്ഥർക്കുണ്ട്.

ജംഗ്‌ഷൻ വികസനം

കിഫ്‌ബിയുടെ ഭാഗമായുള്ള നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് നവീകരണത്തിന്റെ കീഴിൽ അരുവിക്കര ഡാം മുതൽ ഫാർമേഴ്‌സ് ബാങ്ക് ജംഗ്ഷൻ വരെയും അവിടെനിന്ന് കണ്ണം കാരം പമ്പ് ഹൗസ് വരെയും നീളുന്നതാണ് ജംഗ്‌ഷൻ വികസനം.

ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 17.3കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.15കോടി രൂപ കിഫ്‌ബി ഫണ്ടും, 2.3 കോടിരൂപ ആർ.ആർ പാക്കേജ് മുഖേനയുമാണ് ലഭ്യമാക്കിയത്.

ഇതുവരെ നടന്നത്

ഭൂമിയേറ്റെടുക്കൽ 90ശതമാനം പൂർത്തീകരിച്ചു.വസ്തു ഏറ്റെടുക്കലിനായി 2.5കോടി രൂപ ചെലവിട്ടു. 68 ഭൂവുടമകൾക്കും പണം നൽകി.ആകെ 19സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്.ഏറ്റെടുത്ത ഭൂമിയിൽ നിർമ്മിതികൾ പൊളിച്ച് മാറ്റുന്ന ജോലിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഓട നിർമ്മാണം തുടങ്ങി. കെ.എസ്ഇ.ബി, വാട്ടർ അതോറിട്ടി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായുള്ള തുക കിഫ്‌ബി കൈമാറി. പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL