SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

അഭിമന്യു കേസ്: വിചാരണ നിറുത്തണമെന്ന ആവശ്യം തള്ളി

കൊച്ചി: അഭിമന്യു വധക്കേസ് വിചാരണ നിറുത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ പോപ്പുലർ ഫ്രണ്ട്/ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യപ്രതികളായ ജെ.ഐ. മുഹമ്മദ്, ആരിഫ് ബിൻ സലിം, ബിലാൽ സജി, ഫറൂഖ് അമാനി, പി.എം. രജീബ് എന്നിവരാണ് ഹർജി നൽകിയത്.

കേസിലെ 17 മുതൽ 26 വരെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചില്ലാത്തതിനാൽ തങ്ങൾക്കെതിരെ നടക്കുന്ന വിചാരണ നീതിയുക്തമല്ലെന്നും നിറുത്തിവയ്‌ക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇത് വിചാരണ നീട്ടാനുള്ള അടിസ്ഥാനമില്ലാത്ത വാദമാണെന്ന് ജസ്റ്റിസ് ജി.ഗിരീഷ് വിലയിരുത്തി.

വിചാരണയ്‌ക്കുള്ള പ്രാരംഭ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചിരുന്നു. ഹർജിക്കാരടക്കം കേസിലെ ഒന്നുമുതൽ 16വരെ പ്രതികളെയാണ് ആദ്യ ഘട്ടത്തിൽ വിചാരണ ചെയ്യുക. ഇവർ ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്തവരാണെന്ന് ഹൈക്കോടതി വിലയിരുത്തി.

17മുതൽ 26 വരെ പ്രതികൾ ഇവരെ ഒളിപ്പിച്ചവരാണ്. അതിനാൽ ബാക്കിയുള്ളവർക്കെതിരായ അന്വേഷണം പൂർത്തിയാകാത്തത് വിചാരണയെ ബാധിക്കില്ല. നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും സിംഗിൾബെഞ്ച് നിർദ്ദേശം നൽകി.

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യു 2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കുത്തേറ്റു മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL