SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

നെയ്യാറിൽ കയ്യേറ്റം വ്യാപകം: കണ്ടൽക്കാടുകൾ സംരക്ഷിക്കണം

1

പൂവാർ: ടൂറിസം വികസനത്തിന്റെ പേരിൽ നെയ്യാറിൽ നടക്കുന്ന അശാസ്ത്രീയ നിർമ്മാണങ്ങളും കയ്യേറ്റവും മാലിന്യ നിക്ഷേപവും കാരണം കണ്ടൽക്കാടുകൾ കൺമറയുന്നതായി നാട്ടുകാർ. നെയ്യാർ നദിയുടെ ഇരുകരകളിലും പൊഴിക്കരയിലെ ബ്രേക്ക് വാട്ടറിലും സമൃദ്ധമായിരുന്ന കണ്ടൽക്കാടുകളാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.

നെയ്യാറിന്റെ കൈവഴികളായ ചകിരിയാർ, മുട്ടയാർ എന്നിവയുടെയും മനുഷ്യനിർമ്മിത എ.വി.എം കനാലിന്റെയും സംഗമ ബിന്ദുവാണ് പൂവാർ പൊഴിക്കര. പൊഴിക്കരയിലെ ബ്രേക്ക് വാട്ടറും വിശാലമായ കണ്ടൽക്കാടുകളും എക്കാലത്തെയും സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളാണ്. മനോഹരമായ കണ്ടൽക്കാടുകൾക്ക് ഇടയിലൂടെയുള്ള ബോട്ട് സവാരിയും, അവൂർവയിനം പക്ഷികളെയും മറ്റു സസ്യ, ജീവജാലങ്ങളെയും നേരിൽ കാണാനാകുമെന്നതും സഞ്ചാരികൾക്ക് കൗതുകമാണ്. വൻകിട ഹോട്ടലുകളും റെസ്റ്റോറന്റുകളും കൂടാതെ ബോട്ട് ക്ലബ്ബുകളുടെ യാർഡുകളും സജീവമായതോടെ കണ്ടൽക്കാടുകൾ നാശത്തിന് വിധേയമായി. കണ്ടൽക്കാടുകൾ വെട്ടിമാറ്റി നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളുമുണ്ടിവിടെ.ചിലയിടങ്ങളിൽ നദിയുടെ ദിശ പോലും മാറ്റിയൊഴുക്കുന്നതായി ആക്ഷേപമുണ്ട്.കണ്ടൽക്കാടുകളെ നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചകിരിയാറും മുട്ടയാറും ചുരുങ്ങുന്നു

50മീറ്ററിൽ കൂടുതൽ വീതിയുണ്ടായിരുന്ന ചകിരിയാറും മുട്ടയാറും ഇന്ന് പലയിടത്തും 5മീറ്റർ പോലുമില്ല. നീർച്ചാലു പോലും അവശേഷിപ്പിക്കാതെയാണ് പലയിടങ്ങളിലും കയ്യേറ്റം വ്യാപകമായിരിക്കുന്നത്. നെയ്യാറിനും എ.വി.എം കനാലിനുമുണ്ടായിരുന്ന സ്വാഭാവികമായ വീതി കുറഞ്ഞു. ചതുപ്പുകൾ മണ്ണിട്ട് നികത്തി. കാടുകൾ വെട്ടിത്തെളിച്ചും തീയിട്ട് നശിപ്പിച്ചും നിർമ്മാണം നടക്കുകയാണ്. പുറമ്പോക്ക് ഭൂമികളിൽ യാതൊരു കൈവശ രേഖയുമില്ലാതെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും കുളത്തൂർ, പൂവാർ പഞ്ചായത്ത് അധികൃതരും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി നാട്ടുകാർ പറയുന്നു.

പ്രധാന ടൂറിസം മേഖല

ടൂറിസം ഭൂപടത്തിൽ കോവളം കഴിഞ്ഞാൽ അടുത്ത സ്ഥാനം പൂവാറിനാണ്. ചരിത്രപരമായി നൂറ്റാണ്ടുകൾക്ക് മുമ്പത്തെ പോക്കുമൂസാപുരം എന്ന പട്ടണമായിരുന്നു ഇന്നത്തെ പൂവാർ. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയാണ് അയൽ നാടുകളുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്നതിന് അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ എന്ന എ.വി.എം കനാൽ സ്ഥാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL