
വിതുര: തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി തോട്ടുമുക്ക് വാർഡുകളുടെ പരിധിയിൽപ്പെടുന്ന തോട്ടുമുക്ക് കന്നുകാലിവനം റോഡ് തകർന്ന് തരിപ്പണമായി. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ നിന്നും ആനപ്പെട്ടിയിലേക്ക് പോകുന്ന റോഡിലെ ഉപറോഡാണ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുന്നത്. വിദ്യാർത്ഥികളടക്കം ധാരാളം പേർ സഞ്ചരിക്കുന്ന റോഡാണിത്.
മഴക്കാലമായാൽ റോഡിലൂടെയുള്ള യാത്ര ദുതിതപൂർണമാകും. റോഡിൽ ഓടകൾ നിർമ്മിച്ചിട്ടില്ല. മാത്രമല്ല മിക്ക ഭാഗത്തും റോഡിന് വേണ്ടത്ര വീതിയുമില്ല. ഇവിടെ അനവധി അപകടങ്ങളാണ് നടക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
മുൻപ് റോഡ് ഗതാഗതയോഗ്യമാക്കുവാൻ ഫണ്ട് അനുവദിച്ചെങ്കിലും നിർമ്മാണപ്രവർത്തനങ്ങൾ നടന്നില്ല. റോഡ് ഗതാഗതയോഗ്യമാക്കുവാൻ എം.പിക്കും എം.എൽ.എക്കും ത്രിതലപഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും നടപടിയായില്ല. നടപടിയെടുക്കുമെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്.
റോഡ് വെട്ടിപ്പൊളിച്ചു
വർഷങ്ങൾക്ക് മുൻപ് കന്നുകാലിവനം റോഡ് ടാറിംഗ് നടത്തിയിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ജലജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി കന്നുകാലിവനം മേഖലയിൽ പൈപ്പ് കണക്ഷനുകൾ നൽകുവാനായി റോഡ് കുറുകെ വെട്ടിപ്പൊളിച്ചു. റോഡ് നന്നാക്കുമെന്നാണ് വാട്ടർഅതോറിട്ടി വ്യക്തമാക്കിയിരുന്നത്. എന്നാൽ പൈപ്പ് കണക്ഷൻ നൽകിയശേഷം കുഴികൾ നികത്തിയില്ല. കുഴികളിൽ വീണ് അപകടങ്ങൾ പതിവായതോടെ നാട്ടുകാർ മണ്ണും കല്ലുമിട്ട് കുഴികൾ മൂടിയെങ്കിലും അപകടം തുടർക്കഥയായി. ഇപ്പോൾ സമരം നടത്തുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |