
തിരുവനന്തപുരം: പേശികൾക്ക് ബലക്ഷയമുണ്ടാകുന്ന മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ രോഗം ബാധിച്ച് ജീവിതം വീൽച്ചെയറിലായെങ്കിലും വേദിക രാജ പാട്ടിന്റെ വഴികളിൽ ചലനം തീർക്കുകയാണ്. രോഗം ചലനശേഷിയേയും ശരീരവളർച്ചയേയും ബാധിച്ചപ്പോൾ പാട്ടുകളോടുള്ള ചങ്ങാത്തം വേദികയെ വേദികളിലെ താരമാക്കി.
നാലാം ക്ലാസുമുതൽ മത്സരങ്ങളിൽ സജീവമായ വേദിക ലളിതഗാനങ്ങളാണ് കൂടുതലും പാടുന്നത്. എട്ട് വർഷമായി പേരൂർക്കടയിലെ ശ്യാമ ടീച്ചറിന്റെ അടുത്ത് സംഗീതം പഠിക്കുന്നു. പഠനത്തിലും മിടുക്കിയായ വേദിക ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിരത്തിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയാണ്.
സഹോദരി വർഷ പാടുന്നത് കേട്ടാണ് വേദികയ്ക്ക് പാട്ടിനോടുള്ള താത്പര്യം തുടങ്ങിയത്. മകളുടെ പാട്ടിനോടുള്ള താത്പര്യത്തിന് അമ്മ ശ്രീജയയും അച്ഛൻ ശ്രീജിത്തും കട്ടയ്ക്ക് കൂടെ നിന്നു. വഴുതക്കാട് വിമൻസ് കോളേജിൽ വയലാർ വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയലാർ ഗാനാലാപന മത്സരത്തിൽ സൂര്യകാന്തി... സൂര്യകാന്തി... സ്വപ്നം കാണുവതാരെ... പാടി ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും വേദിക കരസ്ഥമാക്കി. ശ്രീജയ സി-ഡാക്കിലും ശ്രീജിത്ത് ടെക്നോപാർക്കിലെ യു.എസ്.ടി ഗ്ലോബലിലും ജോലി ചെയ്യുകയാണ്. വയലാർ ഗാനാലാപന മത്സരം സീനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ സഹോദരി വർഷ മുന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |