
വൈപ്പിൻ: ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി ബെർണാഡിനെ സ്റ്റേഷൻ ഓഫീസർ സി.എസ്. നെൽസൺ കൈയേറ്റം ചെയ്തതായി പരാതി. ജെറമിയാസ് പാലിയേറ്റീവ് ക്ലിനിക്കിൽ മരിച്ചയാളെ സംസ്‌കരിക്കാനുള്ള അനുമതിപത്രവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകുന്നത് പൊലീസിന്റെ ചുമതലയല്ലെന്ന് പറഞ്ഞ് ക്ലിനിക്കിലെ ജീവനക്കാരൻ സോണിയെ സ്റ്റേഷൻ ഓഫീസർ മടക്കിയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റിനോടും പൊലീസ് ഇതേ നിലപാട് ആവർത്തിക്കുകയും മുറിയിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പാലിയേറ്റീവ് ക്ലിനിക്കിലെ സ്‌നേഹാലയം പീറ്റർ പറഞ്ഞു.
പ്രസിഡന്റിനെ ബലമായി പിടിച്ചുപുറത്താക്കാൻ ശ്രമിക്കുന്നതിനിടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ ബെന്നിയുടെ കഴുത്തിൽ നഖക്ഷതമേറ്റു. പരിക്കേറ്റ അദ്ദേഹം ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ക്ലീറ്റസ്, സി.പി.എം നേതാവ് കെ.എസ്. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ ടിറ്റോ ആന്റണി, ബിജു കണ്ണങ്ങനാട്, വിശാഖ് അശ്വിൻ, എ.പി. ലാലു, പി.ഡി. ദിലീപ് എന്നിവർ ആശുപത്രിയിലെത്തി. ജനപ്രതിനിധിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. എം.എൽ.എ ഉൾപ്പെടെയുള്ളവരെ വിവരമറിയിച്ചതായും നടപടി പ്രതീക്ഷിക്കുന്നതായും എം.പി. ക്ലീറ്റസ് പറഞ്ഞു.
അതേസമയം കൈയേറ്റം ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ അനുമതി നൽകാനാവില്ലെന്ന് അറിയിച്ചപ്പോൾ പ്രസിഡന്റ് ക്ഷുഭിതനാവുകയായിരുന്നു. മരണകാരണം അന്വേഷിക്കേണ്ടതുണ്ടെന്നും ബന്ധുക്കളുടെ മൊഴിയെടുക്കണമെന്നും പൊലീസ് നിലപാടെടുത്തു.
എന്നാൽ മുമ്പ് ഇത്തരം സാഹചര്യങ്ങളിൽ കാലതാമസമില്ലാതെ അനുമതി നൽകുന്നതായിരുന്നു പതിവെന്ന് സ്‌നേഹാലയത്തിലെ പീറ്റർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |