
ഉദിയൻകുളങ്ങര: ഒരു നാടിന്റെ മുഴുവൻ ആശ്രയമായിരുന്ന ഉദിയൻകുളം വിസ്മൃതിയിലേക്ക്. കുളം കാടുകയറിയിട്ട് 20 വർഷത്തിലേറെ കഴിഞ്ഞിട്ടും നവീകരണം നടക്കുന്നില്ല.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈകുളത്തിന് സമീപത്തുകൂടിയാണ് രാജഭരണകാലത്തെ രാജപാത കടന്നുപോയിരുന്നത്.
ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾക്കും ജനവാസമേഖലയായ ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും ഒരുകാലത്ത് സഹായകമായിരുന്നത് ഉദിയൻകുളമായിരുന്നു.
ഈകുളത്തിന്റെ വർഷങ്ങളായുള്ള ശോചനീയാവസ്ഥ കാരണം പ്രദേശത്തെ കൃഷിയിടങ്ങൾ പാടെ നശിച്ചു. കന്നി വേനൽ കടുത്തതോടെ പ്രദേശത്ത് വൻ കുടിവെള്ളക്ഷാമവും രൂക്ഷമായി.
രണ്ടേക്കറിൽ അധികം വിസ്തൃതിയുള്ള ഉദിയൻകുളം ചെങ്കൽ പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസംഭരണികളിൽ ഒന്നാണ്.
ഈ കുളത്തിൽ നിന്നും തോടുമാർഗ്ഗം ചെങ്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് നിലച്ചതോടെ സമീപ നിലങ്ങളെല്ലാം കരയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്.
ഈ കുളത്തിനെ ആശ്രയിച്ച് കൃഷി ചെയ്തിരുന്ന അനേകം കൃഷി ഉപേക്ഷിച്ചു.
നവീകരണം നടക്കുന്നില്ല
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഉദിയൻകുളത്തിന്റെ നവീകരണം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വേനൽക്കാലമായതിനാൽ കുളം തുറന്നുവിടുകയാണെങ്കിൽ പരിസരവാസികൾക്ക് കിണറുകളിൽ കുടിവെള്ളം നഷ്ടമാകുമെന്നും പറഞ്ഞാണ് പണി ആരംഭിക്കാതിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ഇഴജന്തുക്കളും
കുളം കാട് കയറിയതോടെ സമീപ പ്രദേശത്തിലെ വീടുകളിലുൾപ്പെടെ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്.അടിയന്തരമായി കുളം നവീകരിച്ച് നാട്ടുകാർക്കും കൃഷിക്കാർക്കും ഉപകാരപ്രദമാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |