SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.18 AM IST

പൊൻമുടി വിതുര റാേഡിലെ അപകടങ്ങൾക്ക് തടയിടാൻ ജനകീയകൂട്ടായ്മ കളത്തിലിറങ്ങും

വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മേഖലയിൽ അരങ്ങേറുന്ന അപകടങ്ങൾക്ക് തടയിടുന്നതിനായി ജനകീയകൂട്ടായ്മ കളത്തിലിറങ്ങും. വിതുര,പൊൻമുടി,വലിയമല മേഖലകളിലെ പൊലീസിന്റെ സഹകരണത്താടെ അപകടമരണങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.

ഓരോ ജംഗ്ഷനിലും ആളുകളെ വീക്ഷിക്കാൻ വിതുര ജനകീയ കൂട്ടായ്മകളുണ്ടാകും. അമിതവേഗതയിൽ പായുന്നവരെ തടഞ്ഞ് പൊലീസിലേൽപ്പിക്കും. അടുത്തിടെയായി പൊൻമുടി റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം വിതുര ചേന്നൻപാറയിൽ നിന്നും വിതുരക്ഷേത്രത്തിലേക്ക് പുറപ്പെട്ട അച്ഛനെയും മക്കളെയും പൊൻമുടി സന്ദർശനം കഴിഞ്ഞെത്തിയ നെടുമങ്ങാട് സ്വദേശികളായ മൂവർ സംഘം ഇടിച്ചു തെറിപ്പിച്ചിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ ഷൈജു മരണപ്പെടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ സഞ്ചരിച്ചിരുന്ന നെടുമങ്ങാട് സ്വദേശികളായ കാർഡ്രൈവർ രഞ്ജിത്, പ്രദീപ്, നന്ദകുമാർ എന്നിവരെ പ്രതികളാക്കി വിതുര പൊലീസ് കേസെടുത്തു. ഇവരെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

മദ്യപസംഘത്തിന്റെ വിളയാട്ടം

പൊൻമുടി സന്ദർശനത്തിനായെത്തുന്ന യുവസംഘങ്ങളിൽ ഭൂരിഭാഗവും മദ്യലഹരിയിലാണ് സഞ്ചരിക്കുന്നത്. ഇക്കൂട്ടർ വാഹനങ്ങളിൽ ചീറിപ്പായുന്നതിനിടയിൽ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. അനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അനവധിപേരേ ഇടിച്ചിട്ട് കടന്നുകളഞ്ഞ സംഭവവുമുണ്ടായി.

അപകടമരണങ്ങളേറെ

നിലവിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന പൊൻമുടിയിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല. തൊളിക്കോട് മുതൽ കല്ലാർ വരെയുള്ള മേഖലകളിലാണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. പൊൻമുടി സന്ദർശകരുടെ വാഹനങ്ങൾ മറിഞ്ഞ് സഞ്ചാരികൾ മരണപ്പെട്ടസംഭവവുമുണ്ടായി.

നിവേദനം നൽകി

പൊൻമുടിയിൽ വർദ്ധിച്ചുവരുന്ന സഞ്ചാരികളുടെ വരവും റോഡിൽ നടക്കുന്ന അപകടങ്ങളും മുൻനിറുത്തി പൊലീസ് പരിശോധനകൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വിതുര മേഖലാകമ്മിറ്റി വിതുര എസ്.ഐ വൈശാഖിന് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL