SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.18 AM IST

നിർമ്മാണ പുരോഗതിയിൽ കായിക്കര കടവ് പാലം

vkm

കടയ്ക്കാവൂർ: അഞ്ചുതെങ്ങ്, വക്കം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അഞ്ചുതെങ്ങ് ഭാഗത്തെ പൈലിംഗ് ജോലികൾ പൂർത്തിയായി. വക്കം ഭാഗത്തേത് അവസാന ഘട്ടത്തിലുമാണ്. 2027 പകുതിയോടെ നിർമ്മാണം പൂർത്തിയാക്കി പാലം സഞ്ചാരയോഗ്യമാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അഞ്ചുതെങ്ങ്,വക്കം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി ടി.എസ് കനാലിന് കുറുകെ പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാലം വരുന്നതോടെ അഞ്ചുതെങ്ങ്, വക്കം പഞ്ചായത്തുകളിലെ സാംസ്കാരിക,വിനോദസഞ്ചാര, വ്യാപാര മേഖലകളുടെ വികസനത്തിന് സഹായിക്കുമെന്നാണ് പ്രതീക്ഷ.

 നടപടികൾ മുന്നോട്ട്

2017-18 കാലയളവിലാണ് പാലം നിർമ്മാണത്തിനായി കിഫ്‌ബി ഫണ്ടിൽ നിന്നും 25 കോടിയുടെ ഭരണാനുമതിയും 5.5 കോടിയുടെ സാമ്പത്തികാനുമതിയും ലഭിച്ചത്. തുടർന്ന് സ്ഥലം ഏറ്റെടുക്കുന്ന ജോലികൾ ആരംഭിച്ചു. വക്കം അഞ്ചുതെങ്ങ് പഞ്ചായത്തുകളിലെ ഭൂവുടമകളിൽ നിന്ന് 50.43 സെന്റ് ഭൂമിയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾക്കായി ആകെ ഏറ്റെടുക്കേണ്ടിയിരുന്നത്. 2025 ൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി.

പദ്ധതി യാഥാർത്ഥ്യമായാൽ

യാത്രാസൗകര്യം മെച്ചപ്പെടുകയും മുതലപ്പൊഴി കടൽത്തീരം,അഞ്ചുതെങ്ങ് കോട്ട, കായിക്കര കുമാരനാശാൻ സ്മാരകം,വക്കത്തെ കായൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പാലം വരുന്നതൊടെ വിനോദ സഞ്ചാരികൾക്ക് വളരെ എളുപ്പമെത്താൻ സാധിക്കും. വക്കത്തെ ജനങ്ങൾക്ക് തീരദേശ റോഡ് വഴി റെയിൽവേ ഗേറ്റിൽ കാത്തുനിൽക്കാതെ തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ കിലോമീറ്ററുകൾ ലാഭിക്കുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL