SignIn
Kerala Kaumudi Online
Friday, 02 October 2026 3.35 AM IST

ഉപയോഗശൂന്യമായി ചിറത്തലയ്ക്കൽ കുളം

vld-1

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ കുളമായ ചിറത്തലയ്ക്കൽ കുളം ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് നവീകരിച്ചിട്ട് ഏതാനും വർഷങ്ങളെയായുള്ളുവെങ്കിലും ഉപയോഗശൂന്യമായ നിലയിലായി. രണ്ട് മുൻ പഞ്ചായത്ത് ഭരണസമിതികളും കുളം നവീകരണത്തിനായി ലക്ഷകണക്കിന് രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

കുളം നവീകരിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഫെഡൽ ബോട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല. രണ്ടേക്കറിലേറെ വിസ്തീർണ്ണമുള്ള കുളം നവീകരിച്ചുവെങ്കിലും പൂർണ്ണ തോതിൽ ഇപ്പോഴും വെള്ളം സംഭരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളം ചോർന്നുപോവുന്നുണ്ട്. സമീപത്തുള്ള മേജർ ശ്രീഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉൾപ്പെടെ വർഷങ്ങളായി ഈ കുളത്തിലാണ് നടക്കുന്നത്. ഇതിനിടയിൽ ഗ്രാമപഞ്ചായത്ത് സ്വന്തമായി ഇവിടെ മത്സ്യക്കൃഷിയും ചെയ്തുവരുകയായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി 27000രൂപയ്ക്ക് കുളം മത്സ്യക്കൃഷി ചെയ്യുന്നതിനുവേണ്ടി സ്വകാര്യ വ്യക്തിക്ക് ലേലം ചെയ്ത് നൽകി. ലേലത്തിൽ പിടിച്ചവർ കുളത്തിലെ മീൻ പൂർണ്ണമായും പിടിക്കുന്നതിനുവേണ്ടി പുലിമുട്ട് തകർത്ത് കുളത്തിലെ വെള്ളം മുഴുവൻ തുറന്നുവിട്ടു. ഇതോടുകൂടി ഈ കുളം പൂ‌ണ്ണമായും ഉപയോഗശൂന്യമായിരിക്കുകയാണ്.

സാമൂഹ്യവിരുദ്ധരുടെ താവളം

കടുത്ത വേനലിൽ സമീപവാസികൾ കുളിക്കുന്നതിനും കൃഷി ആവശ്യങ്ങൾക്കും ഈ കുളത്തിനെയാണ് ആശ്രയിച്ചിരുന്നത്. സമീപമുള്ള പമ്പ് ഹൗസിലും കുളത്തിൽ വെള്ളം നിറഞ്ഞുകിടന്നാൽ ആവശ്യത്തിനുള്ള ജലം പമ്പ് ചെയ്യാനും കഴിയുമായിരുന്നു. ഇത് ജനങ്ങൾക്ക് ഏറെ പ്രയോജനകരവുമായിരുന്നു. മത്സ്യ കൃഷി തുടങ്ങിയതോടെ കുളത്തിനു സമീപം ഇരുന്ന് മദ്യപിക്കുന്നവർ കുപ്പികളും മറ്റും കുളത്തിലേക്ക് വലിച്ചെറിയുകയാണ്. സന്ധ്യകഴിഞ്ഞാൽ കുളവും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമാണ്.

കുളം സംരക്ഷിക്കണം

ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് നവീകരണം നടത്തിയവർ അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചതുമില്ല. ഇതിനടിയിൽ നിരവധി പരാതികൾ ഉയർന്നുതോടെ വിജിലൻസ് അന്വേഷണമുൾപ്പെടെ നടന്നെങ്കിലും യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്. കുളം സംരക്ഷിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാത്തതാണ് കുളം പൂർണ്ണമായും ഇപ്പോൾ ഉപയോഗശൂന്യമായതെന്നും നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL