
മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കര ടൂറിസത്തിന് സാദ്ധ്യതയേറെയുണ്ട്. എന്നിട്ടും വികസനം മാത്രം ഇവിടെയെത്തിയിട്ടില്ല. സിനിമ, സീരിയൽകാരുടെ ഇഷ്ട ലൊക്കേഷനാണ് നെയ്യാർ കടന്നുപോകുന്ന മനോഹരമായ അരുവിക്കര.
കേന്ദ്ര പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ധർമ്മശാസ്താ ക്ഷേത്രംവും ഇവിടെയാണ്. അരുവിക്കരയ്ക്ക് ഇതെല്ലാം സ്വന്തമാണെങ്കിലും വികസനം നടപ്പിലാക്കാൻ ഭരണാധികാരികൾക്ക് കഴിയുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. മിക്ക ദിവസങ്ങളിലും സിനിമ, സീരിയലുകളുടെ ഷൂട്ടിംഗ് ഈ പ്രദേശത്ത് നടക്കാറുണ്ടെങ്കിലും വികസനമില്ലായ്മ ഇവിടെയെത്തുന്നവർക്ക് നിരാശയാണ് നൽകുന്നത്. തിരുവല്ലം പരുശുരാമ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവുമധികം പേർ ബലി തർപ്പണത്തിനെത്തുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് മാറനല്ലൂർ അരുവിക്കര. ഇക്കഴിഞ്ഞ കർക്കിടക വാവിന് ഒൻപതിനായിരം പേരൊളം ബലിതർപ്പണത്തിന് എത്തിയിരുന്നു. നെയ്യാറിന്റെ കടവുകളിൽ അപകടമില്ലാതെ ആളുകൾക്ക് ഇറങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് അറിയിക്കുന്നതല്ലാതെ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
വികസം അകലെ...
അരുവിക്കരയ്ക്ക് തൊട്ടടുത്തായുള്ള നെയ്യാറ്റിൻകര നഗരസഭയുടെ പരിധിയുലുള്ള ഈരാറ്റിൻ പുറത്ത് ടൂറിസം പദ്ധതികൾ യാഥാർത്ഥ്യമായപ്പോൾ അരുവിക്കരയിലും വികസനം നടത്തുമെന്ന് ജനപ്രതിനിധികൾ അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും പഴയപടി തുടരുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടൂറിസം ഉദ്യോഗസ്ഥരും അന്നത്തെ എം.എൽ.എയും സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വികസനവും അരുവിക്കരയിൽ നടപ്പിലാക്കിയിട്ടില്ല.
അരുവിക്കരയിലെ വിവിധ സംഘടനകളും നാട്ടുകാരും വികസനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രോജക്ടുകൾ അധികൃതർക്ക് നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ടും കാലങ്ങളായി.
മാറനല്ലൂർ പഞ്ചായത്തിലെ ഓണാഘോഷത്തിന്റെ സ്ഥിരം വേദിയാകാറുള്ള അരുവിക്കരയിൽ ഇക്കുറി അതുമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |