
നാഗർകോവിൽ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ പ്രതിയെ കൊലപ്പെടുത്തിയ അഞ്ചുപേരെ കന്യാകുമാരി പൊലീസ് അറസ്റ്റുചെയ്‌തു.
പ്രണയാഭ്യർത്ഥനയുമായുള്ള യുവാവിന്റെ ശല്യവും ഭീഷണിയും സഹിക്കാനാകാതെ കൊട്ടാരം പെരിയവിള സ്വദേശി മുൻ ജവാൻ ജ്ഞാനസെൽവന്റെ മകൾ ഏഞ്ചലാണ് (26) ഇക്കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്‌തത്. ഇവരുടെ സമീപത്ത് താമസിക്കുന്ന പ്രതി ആന്റണി രാജിനെ (30) കൊലപ്പെടുത്തിയ കന്യാകുമാരി കൊട്ടാരം പെരിയവിള സ്വദേശികളായ രവി സെൽവം (55),യേശു നേഷ സെൽവൻ (58),മക്കളായ ബേബിൻ (25),ബെനീഷ്(24),വിനീഷ് (22) എന്നിവരാണ് പിടിയിലായത്. ഇവർ പെൺകുട്ടിയുടെ ബന്ധുക്കളാണ്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം.
സംഭവത്തെക്കുറിച്ച്
പൊലീസ് പറയുന്നത്
എം കോം പഠനത്തിനുശേഷം നാഗർകോവിലിലെ സ്വകാര്യ ഐ.ടി കമ്പനിയിൽ ഏഞ്ചൽ ജോലി ചെയ്‌തിരുന്നു. ജോലിക്ക് പോകുമ്പോഴും വരുമ്പോഴും ആന്റണി രാജ് ഏഞ്ചലിനെ നിരന്തരം ശല്യം ചെയ്‌തിരുന്നു. പലതവണ വിലക്കിയിട്ടും അനുസരിക്കാത്തതിനാൽ കന്യാകുമാരി പൊലീസിന് പരാതി നൽകി. തുടർന്ന് കഴിഞ്ഞ മേയിൽ അറസ്റ്റിലായ ആന്റണി രാജിനെ റിമാൻഡ് ചെയ്‌തിരുന്നു. അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ വീണ്ടും പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങി.
ഞായറാഴ്ച ഉച്ചഭക്ഷണം കഴിച്ച ഏഞ്ചൽ മുറിയിൽ പോയി കിടന്നുറങ്ങുകയായിരുന്നു. രാത്രിയായിട്ടും വാതിൽ തുറക്കാത്തതിനാൽ സംശയം തോന്നിയ ബന്ധുക്കൾ വാതിൽ തകർത്തപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി മരിച്ചെന്ന് അറിഞ്ഞയുടൻ ആന്റണി രാജ് സ്ഥലത്തെത്തുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന ഏഞ്ചലിന്റെ ബന്ധുക്കൾ കമ്പും കല്ലും ഉപയോഗിച്ച് ആന്റണി രാജിനെ അടിച്ചുകൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി അൻശൂൽ നാഗർ പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരാതിയെ തുടർന്ന് കന്യാകുമാരി പൊലീസ് കേസെടുത്തശേഷം അഞ്ചുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ അഞ്ചുഗ്രാമം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരം,അഞ്ചുഗ്രാമം,ആശാരിപ്പള്ളം ആശുപത്രി എന്നിവിടങ്ങളിൽ കനത്ത പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ആന്റണി നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |