
വർക്കല: അപകടങ്ങൾ പതിവായ പാലച്ചിറ ജംഗ്ഷനിൽ ഇന്നലെ, റോഡ് സുരക്ഷാ അധികൃതരെത്തി പരിശോധനകളും സർവേകളും നടത്തി റിപ്പോർട്ട് തയ്യാറാക്കി.കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച 'അപകട കേന്ദ്രമായി പാലച്ചിറ ജംഗ്ഷൻ' എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ സ്ഥലം സന്ദർശിച്ചത്.ജംഗ്ഷനിലെ വാഹനങ്ങളുടെ തിരക്കും,അപകടങ്ങൾ സംബന്ധിച്ചും,സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും വാർത്തയിൽ പരമാർശമുണ്ടായിരുന്നു.നാലു പ്രധാന റോഡുകൾ സംഗമിക്കുന്ന പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ജംഗ്ഷനാണ് പാലച്ചിറ.വർക്കല കല്ലമ്പലം സംസ്ഥാന പാതയ്ക്ക് നേരെ കുറുകെ കയറി പോകുന്ന ചെറുന്നിയൂർ - നടയറ റോഡ് പാലച്ചിറ ജംഗ്ഷനിലാണ് സംഗമിക്കുന്നത്.
പൊലീസ്,ഗതാഗതം,ട്രാഫിക്,തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.പൊതുജനങ്ങളും,വ്യാപാരികളും,വിദ്യാർത്ഥികളും അധികൃതർക്ക് മുന്നിൽ ആവശ്യങ്ങൾ നിരത്തി.
രണ്ട് മണിക്കൂറിലേറെ സമയം പാലച്ചിറ ജംഗ്ഷനിൽ കാത്തുനിന്നാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.കോൺഗ്രസ് പാലച്ചിറ മേഖലാ കമ്മിറ്റി,പാലച്ചിറ മുസ്ലിം ജമാ അത്ത് കമ്മിറ്റി,പാലച്ചിറ സഹൃദയ റസിഡന്റ്സ് അസോസിയേഷൻ തുടങ്ങിയവ പാലച്ചിറ ജംഗ്ഷനിൽ ട്രാഫിക് ഐലന്റും ട്രാഫിക് സിഗ്നലും സ്ഥാപിച്ച് ജംഗ്ഷനിലെ അപകട സാഹചര്യം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി,ഗതാഗത പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർ,ജില്ലാകളക്ടർ,മറ്റ് ജനപ്രനിധികൾ,ഉദ്യോഗസ്ഥ മേധാവികൾ തുടങ്ങിയവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |