കല്ലമ്പലം: ഗതാഗതം ദുഷ്കരമായ കൈപ്പള്ളി നടുവത്തേല ഏലാ റോഡ് കോൺക്രീറ്റ് ചെയ്യണമെന്നാവശ്യം ശക്തം. മടവൂർ പഞ്ചായത്തിലെ 8,9 വാർഡുകളുടെ അതിർത്തികൾ പങ്കിടുന്ന റോഡാണിത്. തുമ്പോട് - പനപ്പാംകുന്ന് റോഡിൽ ചുമടുതാങ്ങിയിൽ നിന്നാരംഭിച്ച് കൈപ്പള്ളി വഴി നടുവത്തേല ഏലാ വഴി വാറുവിളാകത്ത് അവസാനിക്കുന്ന റോഡിന് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ഇതിൽ കൈപ്പള്ളിയിൽ നിന്ന് വാറുവിളാകം വരെയുള്ള ഒരു കിലോമീറ്റർ ദൂരമാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഏലായിൽ കൂടി 10 വർഷം മുൻപാണ് റോഡ് വെട്ടിയത്. പഞ്ചായത്തിൽ നെൽക്കൃഷിയുള്ള ഏലായാണ് നടുവത്തേല.റോഡാകെ കാടുകയറി നടന്നു പോകാൻ പോലും പ്രയാസമാണ്.മഴക്കാലമായാൽ റോഡ് ചെളിക്കളമായി മാറും.നടീൽ,മെതി യന്ത്രങ്ങൾ എന്നിവ വയലുകളിൽ എത്തിക്കാൻ ഇതോടെ പ്രയാസമാകും. ഓട്ടോ മാത്രമാണ് പ്രദേശത്തെ പൊതുഗതാഗത വാഹനം.
റോഡിന്റെ തകർച്ച മൂലം ഓട്ടോകൾ ഇതുവഴി വരാനും മടിക്കുകയാണ്.പ്രദേശവാസികളും വിദ്യാർഥികളും ചെളി നിറഞ്ഞ റോഡിലൂടെ കാൽനടയായി സഞ്ചരിച്ച് വാറുവിളാകം വഴി തുമ്പോട് വായനശാല ജംഗ്ഷനിൽ എത്തിയാൽ മാത്രമെ ബസുകളിൽ കയറി പോകാൻ കഴിയൂ. റോഡിന്റെ തകർച്ച മൂലം ഇതു വഴി സ്കൂൾ ബസുകളും ഓടുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |