SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

വികസനമില്ലാതെ കാട്ടാക്കട പബ്ലിക് മാർക്കറ്റ്

kattakada

കാട്ടാക്കട: രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുണ്ട് കാട്ടാക്കട പബ്ലിക് മാർക്കറ്റിന്. മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യത്തിനുമുണ്ട് പതിറ്റാണ്ടുകളുടെ പഴക്കം. മാറിമാറി വരുന്ന ഭരണകൂടങ്ങൾ വാഗ്ദാനങ്ങളിൽ ഒതുക്കുകയാണ് കാട്ടാക്കട താലൂക്കിലെ ഏറ്റവും വലിയ പൊതുചന്തയുടെ വികസനം.

മഴ പെയ്താൽ ചെളിക്കുളമായി മാറുന്ന മാർക്കറ്റിനുള്ളിൽ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജില്ലാ പഞ്ചായത്ത് അനുവദിച്ച 17ലക്ഷം ചെലവഴിച്ച് മത്സ്യകച്ചവടക്കാർ ഇരിക്കുന്നിടത്ത് മേൽക്കൂര പണിതതാണ് ആകെയുണ്ടായ വികസനം. പച്ചക്കറി വ്യാപാരികൾ ഇപ്പോഴും മഴ നനഞ്ഞും കാടുമൂടിയ സ്ഥലത്തുമിരുന്നാണ് കച്ചവടം ചെയ്യുന്നത്.

പൂവച്ചൽ പഞ്ചായത്തിലെ 1.75ഏക്കർ വിസ്തൃതിയുള്ള താലൂക്കിലെ ഏറ്റവും വലിയ ചന്തയാണ് കാട്ടാക്കട പബ്ലിക് മാർക്കറ്റ്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ചന്ത കൂടുന്നത്.ഈ ദിവസങ്ങളിൽ പതിനായിരങ്ങളാണ് പഞ്ചായത്തിന് ചുങ്കപ്പിരിവായി ലഭിക്കുന്നത്.

മാർക്കറ്ര് നവീകരിക്കണം

വാഹന പാർക്കിംഗ്, സ്റ്റാളുകൾ,മാലിന്യ സംസ്കരണ സംവിധാനം, നിലംപതിക്കാറായ സ്റ്റാളുകളുടെ നവീകരണം തുടങ്ങിയവ നടത്തേണ്ടതായുണ്ട്. ചന്തയ്ക്കുള്ളിലെ നടപ്പാതയുടെ ഇരുവശങ്ങളിലും അന്യസംസ്ഥാന കച്ചവടക്കാർ കൈയടക്കിയിരിക്കുന്നതിനാൽ ആളുകൾക്ക് കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്. അഞ്ഞൂറിലധികം വ്യാപാരികളും ആയിരക്കണക്കിന് ആളുകൾ സാധനങ്ങൾ വാങ്ങാനുമെത്തുന്ന ചന്തയുടെ നവീകരണം അടിയന്തരമായി നടത്തണമെന്നതാണ് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യം.

കാട്ടാക്കട മാർക്കറ്റിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ വർഷങ്ങൾക്ക് മുൻപ് പദ്ധതി തയ്യാറാക്കിയെങ്കിലും നടപടിയുണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL