SignIn
Kerala Kaumudi Online
Friday, 18 September 2026 3.48 PM IST

അണ്ടർപാസില്ല, ഇൗഞ്ചയ്‌ക്കലിൽ ഓവർബ്രിഡ്‌ജ്

d

തിരുവനന്തപുരം: പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച അണ്ടർപാസിന് ബദലായി ഈഞ്ചയ്ക്കലിൽ ഓവർബ്രിഡ്‌ജ് ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭഘട്ട ചർച്ചകൾക്ക് തുടക്കമായി. നാഷണൽ ഹൈവേ അതോറിട്ടിക്കാണ് ഇവിടത്തെ നിർമാണച്ചുമതല. അണ്ടർപാസിന് പകരം ഓവർബ്രിഡ്ജെന്ന സർക്കാർ നിർദ്ദേശം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉദ്യോഗസ്ഥതലത്തിൽ പുരോഗമിക്കുകയാണ്.

ഇൗഞ്ചയ്‌ക്കലിൽ അണ്ടർപാസിനുള്ള അനുമതി ഇപ്പോഴും നിലവിലുണ്ടെങ്കിലും ജനങ്ങളുടെ എതിർപ്പുയർന്നതോടെയാണ് ഇത് വേണ്ടെന്നുവച്ചത്. അണ്ടർപാസ് നിർമാണം വെള്ളക്കെട്ടുണ്ടാക്കും എന്നതായിരുന്നു ജനങ്ങളുടെ തടസവാദം. വെള്ളം ഒഴുകിപ്പോകാനുള്ള തോടുകൾ അടയ്ക്കാൻ ദേശീയപാത അതോറിട്ടി ശ്രമിച്ചെന്നും ആരോപണമുണ്ടായിരുന്നു. ഇതോടെയാണ് പുതിയ നിർദ്ദേശം സംസ്ഥാന സർക്കാർ ദേശീയപാതാ അതോറിട്ടിക്ക് മുന്നിൽവച്ചത്.

അഴിക്കുംതോറും മുറുകുന്നു

നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജംഗ്ഷനാണ് ഈഞ്ചയ്ക്കൽ. ഇവിടെ അണ്ടർപാസോ ഓവർബ്രിഡ്ജോ ഇല്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പൊതുവേ ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന ഈഞ്ചയ്ക്കലിൽ ചാക്ക പാലവും ബൈപ്പാസും ഗതാഗതത്തിന് തുറന്നതോടെ കുരുക്ക് വർദ്ധിച്ചു.

ഏറെ ദുരിതം

നിലവിൽ ഈഞ്ചയ്ക്കലിലുള്ള സിഗ്നൽ ലൈറ്റുകളും ട്രാഫിക് പൊലീസും ഗതാഗത നിയന്ത്രണത്തിന് മതിയാകാത്ത സ്ഥിതിയാണ്. പടിഞ്ഞാറേക്കോട്ട, വള്ളക്കടവ്, അട്ടക്കുളങ്ങര ബൈ പാസ് എന്നീ റോഡുകളിലെല്ലാം വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. കരമനയിൽ നിന്ന് ഈഞ്ചയ്ക്കലിലേക്കുള്ള അട്ടക്കുളങ്ങര ബൈപാസാണ് ചാലയിലേക്കെത്തുന്ന വാഹനങ്ങളും ആശ്രയിക്കുന്നത്. ബൈപാസ് പൂർത്തിയായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് വാഹനങ്ങളും ഈഞ്ചയ്ക്കൽ വഴിയാണ് കടന്നുപോകുന്നത്. അണ്ടർ പാസില്ലാത്തതിനാൽ ബൈപ്പാസ് വഴിയെത്തുന്ന വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും തിരിഞ്ഞ് നഗരത്തിലേക്ക് കടക്കാൻ ഏറെസമയം വേണ്ടിവരുന്നു.

"ഇൗഞ്ചയ്‌ക്കലിലെ തിരക്ക് കുറയ്‌ക്കാനുള്ള അണ്ടർപാസ് സാദ്ധ്യമാകില്ല. പ്രാദേശിക സഹകരണം ലഭിക്കാതെ എങ്ങനെ പദ്ധതി ആരംഭിച്ച് പൂർത്തിയാക്കാനാകും. സർക്കാരുമായി ചർച്ചകൾ നടക്കുന്നു. കൂടുതൽ കാര്യങ്ങൾ പിന്നാലെ പറയാം."

-നാഷണൽ ഹൈവേ അതോറിട്ടി അധികൃതർ

"അണ്ടർപാസ് വേണ്ടെന്നുവച്ച സാഹചര്യത്തിൽ ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യം സർക്കാർ നാഷണൽ ഹൈവേ അതോറിട്ടിക്ക് മുന്നിൽ വച്ചു. ഇതിന് മുന്നോടിയായി എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. ശുഭപ്രതീക്ഷയാണുള്ളത്. "

-മന്ത്രി അഡ്വ.ആന്റണി രാജു

"കാര്യങ്ങൾ വിശദമായി പഠിച്ചതിന് ശേഷം മറുപടി പറയാം. ജില്ലയുടെ വികസനത്തിന് ഉതകുന്ന ഒരു കാര്യത്തിനോടും എതിരഭിപ്രായമില്ല. "

-ശശിതരൂർ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL