SignIn
Kerala Kaumudi Online
Sunday, 07 June 2026 2.39 AM IST

'കാലവർഷപ്പെയ്ത്തിൽ 'വില്ലനായി' മരങ്ങൾ തൃശൂരിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു'

padukad
പാടുക്കാട് ശ്രീഗാർഡൻ പ്രദേശത്തെ വെള്ളക്കെട്ട്


മരങ്ങൾ വീണ് രണ്ട് മരണം

തൃശൂർ: കാലവർഷം ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ ജില്ലയെ ആശങ്കയിലാഴ്ത്തി അപകട മരണങ്ങൾ. കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് മരിച്ചത്.

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദ്ദേശം നൽകിയിരുന്നെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെടാത്തതാണ് ദുരന്തങ്ങൾക്ക് കാരണമായത്. ഇന്നലെ രാവിലെ വീടിനുള്ളിൽ കിടക്കുമ്പോഴാണ് മണലൂരിൽ തൃഷ്ണത്ത് വീട്ടിൽ വിഷ്ണു(27) മുറിയുടെ മുകളിൽ മരംവീണ് മരിച്ചത്. ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതിനാൽ വിഷ്ണുവിന്റെ അമ്മ വള്ളിയമ്മ സമീപത്തെ വീട്ടിലായിരുന്നു രാത്രി കിടന്നിരുന്നത്. മരത്തിനടിയിൽപ്പെട്ട വിഷ്ണുവിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കാനായത്. എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂട്ടറിൽ പോകുമ്പോഴാണ് വെള്ളാങ്കല്ലൂർ കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠൻ ഇളയതിന്റെ (60) ദേഹത്ത് മരം കടപുഴകി വീണ് മരണമടഞ്ഞത്.


ദേശീയപാതയിൽ വെള്ളക്കെട്ട്

വെള്ളക്കെട്ട് മൂലം ദേശീയ പാതയിലും അപകടങ്ങൾ ഏറുന്നു. മഴ ശക്തമാകുന്നതോടെ അപകട സാദ്ധ്യത കണക്കിലെടുത്ത് 544, 66 എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി. വെള്ളക്കെട്ട്, ഗതാഗതക്കുരുക്കുണ്ടാക്കുന്ന യു ടേൺ, കാൽനടയാത്രക്കാരുടെ പ്രശ്‌നങ്ങൾ, റോഡ് മുറിച്ച് കടക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ട്, മതിയായ സിഗ്‌നൽ ബോർഡുകളുടെ അഭാവം, വെളിച്ചക്കുറവ് എന്നിവ അടിയന്തരമായി പരിഹരിക്കണമെന്നും നിർദ്ദേശമുണ്ട്.

മഴ കനത്തു; കൂടുതൽ കൊടുങ്ങല്ലൂരിൽ


ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നലെ കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി മേഖലകളിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്. ഇതിൽ കൊടുങ്ങല്ലൂരിലാണ് കൂടുതൽ മഴ ലഭിച്ചത്. വിയ്യൂർ പാടുക്കാട് ശ്രീഗാർഡൻ മേഖലയിൽ റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികൾക്ക് ദുരിതമായി.

24 മണിക്കൂറിൽ ജില്ലയിലെ മഴ(മില്ലി മീറ്ററിൽ)
കൊടുങ്ങല്ലൂർ 85
ഇരിങ്ങാലക്കുട 40
ചാലക്കുടി 72.2
വടക്കാഞ്ചരി 50.4
വെള്ളാനിക്കര 64.3

മരങ്ങൾ മുറിച്ച് മാറ്റി

കോർപറേഷൻ പരിധിയിൽ അപകടകരമായ രീതിയിൽ കണ്ടെത്തിയ 38 മരങ്ങൾ മുറിച്ചുമാറ്റി. 93 മരക്കൊമ്പുകളും മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി മുറിച്ചു. മോഡൽ ബോയ്‌സ് സ്‌കൂൾ പരിസരത്ത് നിന്നിരുന്ന രണ്ട് ഉണങ്ങിയ മരങ്ങളും സർക്കിൾ ഓഫീസ് കോംപൗണ്ടിലെ അപകടാവസ്ഥയിലായിരുന്ന മരവും നീക്കം ചെയ്തു. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ തന്നെ നീക്കം ചെയ്യണമെന്നും ചെയ്തില്ലെങ്കിൽ കോർപറേഷൻ നടപടികൾ സ്വീകരിക്കുമെന്നും ചെലവുകൾ ഈടാക്കുമെന്നും മേയർ ഡോ. നിജി ജസ്റ്റിൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL