തൃശൂർ: പത്തു വർഷത്തിലേറെയായി പണിതീരാതെ കിടക്കുന്ന തൃശൂർ ജനറൽ ആശുപത്രിയോട് ചേർന്നുള്ള അമ്മയും കുഞ്ഞു ബ്ലോക്കിന് അടിയന്തര ശൂശ്രൂഷയ്ക്ക് വഴിയൊരുങ്ങുന്നു. കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവരുടെ ഇടപെടലിലാണിത്. കെട്ടിടത്തിന്റെ നിർമ്മാണപുരോഗതി നേരിട്ട് വിലയിരുത്തിയ ആരോഗ്യമന്ത്രി കെ. മുരളീധരൻ പൂർത്തിയാക്കാൻ അടിയന്തരമായി ഇടപെടുമെന്ന് ഉറപ്പുനൽകി. മൂന്നു ഘട്ടങ്ങളിലായി 20 കോടിയോളം രൂപ ചെലവഴിച്ചാണ് ഇതേവരെ നിർമ്മാണം നടന്നത്. ജനറൽ ആശുപത്രി വികസനം സാദ്ധ്യമാകണമെങ്കിൽ അമ്മയും കുഞ്ഞു ബ്ലോക്കിന്റെ പണി പൂർത്തീകരിക്കണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രിയും എം.എൽ.എയും പ്രഖ്യാപിച്ചിരുന്നു. കോർപറേഷന്റെ പുതിയ ഭരണസമിതി, അന്നത്തെ മന്ത്രി വീണ ജോർജിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജില്ലാ പഞ്ചായത്തിന്റെ കീഴിലെ കിഴക്കുംപാട്ടുകരയിലുണ്ടായിരുന്ന ഹോമിയോ വിഭാഗത്തിന്റെ കെട്ടിടം അടഞ്ഞുകിടക്കുകയാണെന്നും ഹോമിയോ ഒ.പിക്കായി അവിടം വിട്ടുതരണമെന്ന ആവശ്യവും മന്ത്രിക്ക് മുൻപിൽ കോർപറേഷൻ അധികൃതർ ഉന്നയിച്ചു.
നാലര കോടി ഇനി വേണം
അമ്മയും കുഞ്ഞും കെട്ടിടം പൂർത്തിയാക്കാൻ നാലരക്കോടി രൂപ ഇനിയും വേണം. 90% പൂർത്തിയായ കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനാണിത്. കോർപറേഷന്റെ കീഴിലാണ് ജനറൽ ആശുപത്രിയെങ്കിലും അമ്മയും കുഞ്ഞും ബ്ലോക്ക് ആരോഗ്യ വകുപ്പിന് കീഴിലാണ്. ഇത് കോർപറേഷിന്റെ പേരിലാക്കിയാലേ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കാനാകൂവെന്ന് മേയറും ഡെപ്യൂട്ടി മേയറും മന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
കെട്ടിടം പരിപാലിക്കണം
പണി പൂർത്തീകരിച്ചില്ലെങ്കിലും ഇപ്പോഴുള്ള കെട്ടിടം സംരക്ഷിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ നിർദ്ദേശം. കെട്ടിടത്തിന്റെ പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നത് കണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആശുപത്രിയിലെത്തി രോഗികളെയും കൂട്ടിരിപ്പുകാരെയും അദ്ദേഹം സന്ദർശിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ഡി.എം.ഒ: ടി.പി. ശ്രീദേവി, ഷീന ചന്ദ്രൻ, സൂപ്രണ്ട് ഡോ. താജ് പോൾ, മേഫി ഡെൻസൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഒറ്റനോട്ടത്തിൽ
പദ്ധതി ആരംഭിച്ചിട്ട് 10 വർഷത്തിലേറെ
ഇതേവരെ ചെലവഴിച്ചത് 20 കോടിയോളം
കെട്ടിടത്തിന്റെ പുരോഗതി 90 ശതമാനം
ഇനി പൂർത്തിയാക്കാൻ വേണ്ടത്: 4.5 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |