അഞ്ചാലുംമൂട്: ജംഗ്ഷനിലെ സ്റ്റേഷനറി കടയിൽ പട്ടാപ്പകൽ നടന്ന മോഷണത്തിൽ വ്യാപാരിക്ക് നഷ്ടമായത് 7000 രൂപ. ഞാറയ്ക്കൽ പോച്ചയിൽ വീട്ടിൽ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള പോച്ചയിൽ സ്റ്റോഴ്സിലാണ് കഴിഞ്ഞ വ്യാഴാഴ്ച മോഷണം നടന്നത്. ഉച്ചയ്ക്ക് 1.50ന് നൗഷാദ് ഭക്ഷണം എടുക്കാനായി പുറത്തുപോയ സമയം കൊല്ലം ഭാഗത്തുനിന്നെത്തിയ രണ്ടുപേർ കടയ്ക്ക് മുന്നിൽ ബൈക്ക് നിറുത്തി. പിന്നിലിരുന്നയാൾ ഇറങ്ങി കടയ്ക്കുള്ളിലേക്ക് കയറി. നൗഷാദ് തിരിച്ചെത്തുമ്പോൾ യുവാവ് കടയിൽ നിന്നിറങ്ങി ബൈക്കിൽ കയറുന്നതും സമീപത്തെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. അഞ്ച് മിനിറ്റിനിടയിലാണ് മോഷണം നടന്നത്.
നൗഷാദ് മേശയ്ക്ക് സമീപം അടയാളത്തിനായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രം സ്ഥാനം മാറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |