കൊല്ലം: മലയോര ഹൈവേയിൽ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ച ദാരുണ അപകടം കൺമുന്നിൽ നടന്നിട്ടും പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞ പിക് അപ്പ് വാഹനം പൊലീസ് പിടികൂടി. അപകടം നടന്ന അതേ സ്ഥലത്തുവെച്ചുതന്നെയാണ് വാഹനം കുളത്തൂപ്പുഴ പൊലീസിന്റെ വലയിലായത്.
കഴിഞ്ഞ ആഴ്ച മലയോര ഹൈവേയിൽ മടത്തറ - കുളത്തുപ്പുഴ പാതയിലെ ഓന്തുപച്ച ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ വളവ് തിരിയവേ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കൊല്ലം സ്വദേശികളായ ജാഫർ, ചന്ദ്രൻപിള്ള എന്നിവർ ദാരുണമായി മരണപ്പെട്ടു.ഇത്രയും വലിയൊരു അപകടം നടക്കുന്നത് നേരിൽ കണ്ടിട്ടും വാഹനം നിറുത്താനോ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനോ മുതിരാതെയാണ് പിക് അപ്പ് വാഹനം വേഗത്തിൽ ഓടിച്ചുപോയത്. അപകടദിവസം തന്നെ ഈ വാഹനത്തിന്റെ നമ്പർ കുളത്തൂപ്പുഴ പൊലീസ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ കുളത്തൂപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ ബൈജു, സി.പി.ഒ ഉബൈദ് എന്നിവർ പൊലീസ് വാഹനത്തിൽ ചോഴിയക്കോട് ഭാഗത്തേക്ക് വരവേയാണ് മുൻപ് അപകടമുണ്ടായ സ്ഥലത്തിന് തൊട്ടുമുമ്പിൽ വെച്ച് ഈ പിക് അപ്പ് വാഹനം എസ്.ഐയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ പൊലീസ് വാഹനം പിന്തുടർന്ന് പിക് അപ്പും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |