തൊടുപുഴ: സന്യസ്ത ജീവിതം ഉപേക്ഷിച്ച് കുടുംബജീവിതം തിരഞ്ഞെടുത്തതിന്റെ പേരിൽ സ്കൂൾ അദ്ധ്യാപികക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന സമീപനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെന്റ്. തന്നെ പ്രതികാരബുദ്ധിയോടെ സ്കൂൾ ഹെഡ്മിസ്ട്രസ് വേട്ടയാടുവെന്ന ആരോപണവുമായി എത്തിയിരിക്കുന്ന മൂലമറ്റം സെന്റ് ജോർജ് യു.പി സ്കൂൾ അദ്ധ്യാപിക ദീപ ജോളിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2002ൽ സി.എം.സി സഭയിൽ സന്യാസിനിയായി ചേർന്ന ദീപ ഡിസ്ക് തേയ്മാനം മൂലം കിടപ്പിലായപ്പോൾ മഠത്തിൽ നിന്നുണ്ടായ ദുരനുഭവം മൂലമാണ് മടങ്ങിപ്പോന്നത്. 2017ൽ മഠം വിട്ട് വിവാഹിതയായതോടെയാണ് സഭയുടെ കണ്ണിലെ കരടായിമാറിയത്. 2012ൽ തുടങ്ങനാട് സ്കൂളിൽ ജോലിക്ക് കയറിയ ദീപയെ 2018ലാണ് മൂലമറ്റത്തേക്ക് മാറ്റുന്നത്. ആ സമയം ഹെഡമിസ്ട്രസായ സിസ്റ്റർ നല്ല ഇടപെടലായിരുന്നു. പുതിയ എച്ച്.എം ആയി നിലവിലെ സിസ്റ്റർ എത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. നിരന്തര അവഹേളനങ്ങൾക്കിടയിൽ വീണ്ടും അസുഖബാധിതയായതിനെ തുടർന്ന് നേരിട്ട് അവധി അപേക്ഷയുമായി എത്തിയപ്പോൾ അവശത മൂലം സ്കൂളിലേക്ക് ദീപയ്ക്ക് പകരം കയറിയ പൊലീസുകാരനായ ഭർത്താവിനോട് ലീവ് തരില്ലെന്ന് പറഞ്ഞ് പരുഷമായി പെരുമാറി. പിന്നീട് കാഞ്ഞാർ പൊലീസിൽ കള്ളപരാതി നൽകുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ സ്കൂളിന് സമീപമുള്ള മഠത്തിന്റെ ഗേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. സ്കൂളിൽ പഠിക്കാത്ത ഒരു കുട്ടിക്ക് ഹാജർ നൽകുന്നതിലടക്കം പല വിഷയങ്ങളെയും ദീപ എതിർത്തതും ഇത്തരം പ്രതികാരനടപടികൾക്ക് കാരണമാണ്. ഉന്നതപഠനത്തിന് അനുമതി നിഷേധിച്ചും മറ്റും പ്രതികാര നടപടി തുടരുന്ന സാഹചര്യമാണ് നിലവിൽ. ഇരുവരുടെയും ജോലി ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. സഭ അധികാരികൾക്കും വിദ്യാഭ്യാസവകുപ്പിനും മനുഷ്യാവകാശ കമ്മിഷനും പൊലീസിലുമടക്കം പരാതി നൽകിയിട്ടും നടപടിയാകാത്തതിനാലാണ് സമരം നടത്തേണ്ടി വന്നത്. ദീപ ടീച്ചർക്കും കുടുംബത്തിനും എതിരെയുള്ള കള്ളക്കേസുകളും പ്രതികാരനടപടികളും അവസാനിപ്പിക്കണം. അല്ലെങ്കിൽ നീതിക്കായി സമരം വേണ്ടിവരുമെന്നും സംഘടനാ ചെയർമാൻ കെ. ജോർജ്ജ് ജോസഫ്, സെക്രട്ടറി ഷാജി ഫ്രാൻസിസ്, അദ്ധ്യാപികയുടെ പിതാവ് കെ.പി. ജോളി എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |