SignIn
Kerala Kaumudi Online
Sunday, 18 October 2026 3.46 AM IST

അമരവിള റെയിൽവേസ്റ്റേഷനിൽ ഇരുവശങ്ങളിലും സർവ്വീസ് റോഡ് വേണം

1

അമരവിള: അമരവിള റെയിൽവേസ്റ്റേഷന്റെ ഇരുവശങ്ങളിലും സർവീസ് റോഡുകൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവനന്തപുരം-കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിന്റെ ഭാഗമായി അമരവിള റെയിൽവേ സ്റ്റേഷൻ പുതുക്കിപ്പണിയുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. പ്രദേശവാസികളായ നൂറുകണക്കിന് കുടുംബങ്ങളും റെയിൽവേ യാത്രക്കാരും നിലവിൽ കടുത്ത യാത്രാക്ലേശവും ദുരിതവും നേരിടുകയാണ്.

പാത ഇരട്ടിപ്പിക്കലിനായി ട്രാക്കിന്റെ വശങ്ങളിൽ മണ്ണുമാറ്റിയതോടെ പ്രദേശവാസികളുടെ വഴികൾ പൂർണമായും അടഞ്ഞു. പുതിയ പ്ലാറ്റ്ഫോം നിർമ്മിക്കാനായി കുഴികൾ എടുക്കുന്നതും കോൺക്രീറ്റ് ചെയ്യുന്നതും നടക്കുന്നതിനാൽ കാൽനടൻ യാത്ര പോലും പറ്റാതെയായി.

വഴിയടഞ്ഞു: പ്രദേശവാസികൾ ദുരുതത്തിൽ

പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനുള്ള സ്ലാബുകൾ നിർമ്മിച്ചു തുടങ്ങിയതോടെ പ്രദേശമാകെ സിമന്റും മെറ്റലും കമ്പിയും കൊണ്ടു നിറഞ്ഞു. നിർമ്മിച്ച സ്ലാബുകൾ മുഴുവൻ വഴികളിൽ അടുക്കിവെച്ചിരിക്കുന്നതിനാൽ ടൂവീലർ യാത്രികർക്ക് പോകാനാകുന്നില്ല. ഇപ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പല പ്രാദേശിക റോഡുകളും കാൽനടപ്പാതകളും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. താഴ്ന്ന ഭാഗങ്ങൾ മണ്ണിട്ടു നികത്തുന്നതിനായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിലുമുണ്ട്. മഴക്കാലത്ത് ഈ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ടും രൂപപ്പെടുന്നുണ്ട്. പരിസരവാസികളായ കിടപ്പുരോഗികൾക്ക് ആശുപത്രികളിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്.

അടിയന്തര സാഹചര്യങ്ങളിൽ ഒരു ആംബുലൻസിനോ,ഫയർഫോഴ്സ് വാഹനത്തിനോ പോലും പ്രദേശത്തേക്ക് കടന്നുവരാൻ നിലവിൽ ഒരു വഴികളുമില്ല. ഏതാണ്ട് ഒരു വർഷത്തോളമായി ഈ ദുരിതം നേരിടുകയാണ് നാട്ടുകാർ.

നിവേദനം നൽകി

റെയിൽവേ പാതയ്ക്ക് സമാന്തരമായി സർവീസ് റോഡുകൾ നിർമ്മിച്ചാലെ പ്രദേശത്തെ ജനങ്ങളുടെ യാത്രാ തടസ്സം ശാശ്വതമായി പരിഹരിക്കാൻ സാധിക്കുകയുള്ളൂ. ഈ ആവശ്യം അംഗീകരിച്ചു കിട്ടുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രിക്കും എം.പി, എം.എൽ.എ,മറ്റ് ജനപ്രതിനിധികൾക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL