
ചാലക്കുടി: കാലവർഷത്തിന്റെ മുഖം തിരിക്കലിൽ ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളുടെ സ്ഥിതി അതീവ ഗരുതരം. തിങ്കളാഴ്ച വെറും പന്ത്രണ്ട് ശതമാനം മാത്രമാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേദിവസം അമ്പത്തിയൊന്ന് ശതമാനമായിരുന്നു വെള്ളത്തിന്റെ അളവ്. മൊത്തം 153 ക്യുബിക് മില്യൻ മീറ്ററാണ് ഷോളയാർ ഡാമിലെ സംഭരണ ശേഷി. ഇക്കാരണത്താൽ ഷോളയാറിൽ ഇപ്പോൾ നാമമാത്രമായാണ് വൈദ്യുതി ഉത്പ്പാദനം. പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ഥിതിയും മറിച്ചല്ല. 419 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 19 ശതമാനം വെള്ളം. കഴിഞ്ഞ ജൂൺ 29ന് 61 ശതമാനം വെള്ളമുണ്ടായിരുന്നു. ഇതേത്തുടർന്ന് ചാലക്കുടിപ്പുഴയിലെ ജലനിരപ്പും കാര്യമായി ഉയർന്നിട്ടില്ല. ഒരു മീറ്ററാണ് ഇപ്പോഴത്തെ അളവ്. സാധാരണ ജൂൺ മാസത്തിൽ 33.30 മീറ്റർ വെള്ളം പുഴയിൽ രേഖപ്പെടുത്താറുണ്ട്. തമിഴ്‌നാട്ടിലെ അപ്പർ ഷോളയാർ ഡാമിലും ഇരുപത് ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഇക്കാരണം ചൂണ്ടിക്കാട്ടി ജൂലായ് 1 മുതൽ അപ്പർ ഷോളയാറിൽ നിന്നും കേരള ഷോളാറിലേക്ക് വെള്ളം വിടുന്ന പതിവുണ്ടാകില്ലെന്ന് ഉറപ്പാണ്. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം ജൂലായ് 1 മുതൽ സെപ്തംബർ 30വരെ കേരള ഷോളയാർ നിറക്കേണ്ടതുണ്ട്്. അതിവർഷം അനുഭവപ്പെടുന്ന കാലാവസ്ഥയിൽ മാത്രമായിരിക്കും തമിഴ്‌നാട് സർക്കാർ ഇതിന് മുതിരുക. എന്തായാലും കാലവർഷം ഇനിയും ശക്തിയാർജ്ജിച്ചില്ലെങ്കിൽ വൈദ്യുതി ഉത്പ്പാദനം കനത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |