തിരുവനന്തപുരം: കോർപ്പറേഷനിലേക്ക് പുറത്തുനിന്ന് സമരക്കാർ തള്ളിക്കയറുമെന്ന സംശയത്താൽ നൂറുകണക്കിന് പൊലീസുകാർ ഓഫീസിന് മുന്നിൽ അണിനിരന്നെങ്കിലും ഒടുവിൽ അടി നടന്നത് കൗൺസിൽ ഹാളിൽ. ജനപ്രതിനിധികൾ തമ്മിലുള്ള കൂട്ടയടിയിൽ ഇടപെടാനാകാതെ പൊലീസ് മാറിനിന്നപ്പോൾ കൗൺസിൽ ഹാളിൽ യുദ്ധക്കളമായി.
ഇന്നലെ രാവിലെ മുതൽ കോർപ്പറേഷൻ പരിസരമാകെ സംഘർഷഭരിതമായിരുന്നു. എൽ.ഡി.എഫ് റിലേ സത്യഗ്രഹം ഒരുവശത്ത് നടന്നപ്പോൾ മറുവശത്ത് യു.ഡി.എഫിന്റെ മാർച്ചായിരുന്നു. മാർച്ചിൽ പങ്കെടുത്തവർ മതിൽ ചാടിക്കടന്ന് കോർപ്പറേഷനുള്ളിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ശേഷം കൗൺസിൽ യോഗം തുടങ്ങുന്നതിന് മുമ്പ് രണ്ടു ആബുലൻസുകളിലായി കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള മൂന്ന് കൗൺസിലർമാരെ എത്തിച്ചതോടെ മുദ്രാവാക്യം വിളികൾ മുഴങ്ങി.
എൽ.ഡി.എഫ് കൗൺസിലർമാരായ സിന്ധു (മെഡിക്കൽ കോളജ് ),സിന്ധുശശി (കാട്ടായിക്കോണം ),വീണ (അണമുഖം ) എന്നിവരെയാണ് ആംബുലൻലസിൽ കോർപ്പറേഷൻ വളപ്പിലെത്തിച്ചത് . അതിനുശേഷം വീൽ ചെയറിൽ ഇവരെ ഹാളിലേക്ക് എത്തിച്ചപ്പോൾ മുദ്രാവാക്യം വിളി ശക്തമായി. പ്ലക്കാർഡുകളുമായി എൽ.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളിച്ചു. യോഗ നടപടികൾക്ക് മുന്നോടിയായി അനുശോചന പ്രമേയം അവതരിപ്പിച്ചതിന് ശേഷം മന്ത്രി കെ.എം ഷാജിയുടെ വീഡിയോ മേയർ പ്രദർശിപ്പിച്ചു. പി.എം.എ.വൈ ഭവനപദ്ധതിയിൽ എംബ്ലം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന മന്ത്രിയുടെ സംഭാഷണം കേട്ടതോടെ ബി.ജെ.പി കൗൺസിലർമാർ കൈയടിച്ചു.
501 അജണ്ടയിലെ പൊതുമരാമത്ത് വിഭാഗത്തിലുള്ള 20 അജണ്ട ഒഴിവാക്കിയതായി മേയർ അറിയിച്ചു. അപ്പോഴും മുദ്രാവാക്യം വിളികളാൽ കൗൺസിൽ ഹാൾ ബഹളത്തിലായിരുന്നു. ചർച്ചയിൽ എല്ലാവരും പങ്കെടുക്കണമെന്ന് മേയർ പറഞ്ഞെങ്കിലും ബഹളം തുടർന്നതോടെ എല്ലാ അജണ്ടകളും പാസാക്കിയതായി അറിയിച്ച് മേയർ യോഗം പിരിച്ചുവിട്ടു. പിന്നീടാണ് അറ്റൻഡൻസ് രജിസ്റ്ററിനെച്ചൊല്ലി യു.ഡി.എഫ് - ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയത്. ശബരീനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ കയ്യാങ്കളിയായതോടെ വനിതാ കൗൺസിലർമാരുടെ കൂട്ട നിലവിളിയായി. അതിനിടെ മേശയിലിരുന്ന ഒരു ഗ്ളാസ് ചൂടുവെള്ളം ആരോ വീശിയൊഴിച്ചു. ഹാളിലെ കൂട്ടയടിയുടെ വിവരമറിഞ്ഞ് നഗരസഭാ ജീവനക്കാരിൽ പലരും ഗാലറിയിലെത്തി. ഏറെ നേരത്തിന് ശേഷം ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ച് ഒപ്പമുള്ളവർ മടക്കിക്കൊണ്ടുപോയതോടെയാണ് സംഘർഷം അവസാനിച്ചത്.
രജിസ്റ്ററിൽ ഒപ്പിടുന്നതിന് മുമ്പ് മേയർ യോഗം അവസാനിപ്പിച്ചതിനാൽ യു.ഡി.എഫ് കൗൺസിലർമാർക്ക് ഒപ്പിടാൻ സാധിച്ചില്ല.
കാപ്പാക്കേസിൽ പ്രതിയായ സുഗതനെ രക്ഷിക്കാനാണ് ചെമ്പഴന്തി ഉദയൻ അറ്റൻഡൻസ് രജിസ്റ്റർ പിടിച്ചെടുത്ത് പേജുകൾ കീറിയത്.
കെ.എസ്.ശബരീനാഥൻ
യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |