പീരുമേട്: കൊട്ടാരക്കര- ഡിണ്ടിക്കൽ ദേശീയപാതയിൽ കടുവാപാറയ്ക്ക് സമീപം 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് അതീവ സാഹസികമായി രക്ഷിച്ചു. കോട്ടയം കല്ലറ സ്വദേശി മനുവാണ് (35) അദ്ഭുതകരമായി രക്ഷപെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിറുത്തിയ, സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന് പീരുമേട് സാക്ഷ്യം വഹിച്ചത്. മാനസീകാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന മനുവിനെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ നിന്ന് തുടർചികിത്സയ്ക്കായി ബന്ധുക്കൾ കാറിൽ ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ കടുവാപാറയ്ക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന ഒരു ഹോട്ടലിനടുത്ത് എത്തിയപ്പോൾ യുവാവ് കാർ നിറുത്താൻ ആവശ്യപ്പെട്ടു. വാഹനം നിർത്തിയ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരെ ഞെട്ടിച്ചുകൊണ്ട് മനു മിന്നൽ വേഗത്തിൽ റോഡരികിലെ അഗാധമായ കൊക്കയിലേക്ക് എടുത്തു ചാടുകയായിരുന്നു.
ബന്ധുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും ഉടൻ തന്നെ പീരുമേട് ഫയർഫോഴ്സ് യൂണിറ്റിലും പൊലീസിലും വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് മിന്നൽ വേഗതയിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഇരുട്ടും കനത്ത മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും, ടോർച്ച് വെളിച്ചം പോലും തുളച്ചുകയറാത്ത അഗാധമായ കൊക്കയിലേക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കയറുകളുടെ സഹായത്തോടെ സാഹസികമായി ഇറങ്ങുകയായിരുന്നു. കാട്ടുമൃഗങ്ങൾ പോലും ഇറങ്ങാൻ ഭയപ്പെടുന്ന ആഴത്തിൽ, മരണത്തിനും ജീവിതത്തിനുമിടയിൽ വള്ളിച്ചെടികളിലും കാട്ടുപൊന്തകളിലും കുടുങ്ങിക്കിടന്ന മനുവിനെ ഒടുവിൽ ഫയർഫോഴ്സ് സംഘം കണ്ടെത്തി. വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ യുവാവിനെ അതീവ ജാഗ്രയോടെ വടം കെട്ടി മുകളിലെത്തിച്ചു. മണിക്കൂറുകൾ ശ്വാസമടക്കിപ്പിടിച്ചു നിന്ന നാട്ടുകാരുടെയും പൊലീസിന്റെയും മുമ്പിലേക്ക് യുവാവുമായി ഫയർഫോഴ്സ് സംഘം കയറിവന്നത് കണ്ടു നിന്നവർക്ക് വലിയ ആശ്വാസമായി. പരിക്കേറ്റ മനുവിനെ ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീരുമേട് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വി.എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പി.എസ്. സനൽ, ജി. ബെനടിക്ട്, ടി.എം. ജിസ്‌മോൻ, ലെനിൻ ചന്ദ്രൻ, മഹേഷ് മാധവൻ, വി.ടി. പ്രവീൺകുമാർ, സി. ഷാജി, ഒ. കിരൺകുമാർ, ഇ.ജി. മനു, ആർ. രജീഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |