SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

സ്വന്തം വരികളിലൂടെ അതിജീവനം; പാട്ടിൽ പ്രിയങ്കരിയായി തങ്ക

1

വടക്കാഞ്ചേരി: 'ഒരു നാഴി മണ്ണാണെന്നുമെൻ മോഹം, അതിലൊരു കൂരയാണെന്റെ സ്വപ്നം...' പുതുരുത്തി പൊങ്ങണംവീട്ടിൽ തങ്ക ഈണത്തിൽ പാടിത്തുടങ്ങുമ്പോൾ ആര്യംപാടം സായംപ്രഭ ഹോമിൽ കൈയടികളുയരും. എഴുപത്തിമൂന്നുകാരിയായ തങ്ക തന്നെ എഴുതി ചിട്ടപ്പെടുത്തിയതാണ് ഈ അതിജീവന ഗാനം, സമൂഹ മാദ്ധ്യമങ്ങളിലും ഇപ്പോൾ വൈറൽ.

കഠിനമായ ജീവിതസാഹചര്യങ്ങളും കടുത്ത സാമ്പത്തിക ബാദ്ധ്യതകളും മൂലം സ്വന്തം വീടും വസ്തുവകകളും നഷ്ടപ്പെട്ടു, പിന്നീട് സംഗീതമായിരുന്നു അതിജീവനം. ആറാം ക്ലാസ് വിദ്യാഭ്യാസത്തിന്റെ കരുത്തിൽ എഴുത്തും വായനയും സംഗീതവും സ്വന്തം ഇഷ്ടവിഷയങ്ങളാക്കി മാറ്റി. സായംപ്രഭ ഹോമിലെ അന്തേവാസികൾക്ക് മാത്രമല്ല, ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപ്പോകുന്നവർക്കെല്ലാം ഒരു പ്രചോദനമാകുകയാണ് തങ്ക.

എല്ലാ ദിവസവും രാവിലെ സായംപ്രഭ ഹോമിലെത്തും, വൈകിട്ട് വരെ മറ്റുള്ളവരോടൊപ്പം പാട്ടുകളും വിശേഷങ്ങളുമായി ആഘോഷമേളം തീർക്കും. വാടകവീട്ടിലെ അടച്ചിട്ട മുറികളിൽ കണ്ണീരൊഴുക്കിയ ഒരു ഭൂതകാലം തങ്കയ്ക്കുണ്ടായിരുന്നു. നഗരസഭ ഫ്‌ളാറ്റ് അനുവദിച്ചതോടെയാണ് ആ സങ്കടക്കടലിന് അറുതിവന്നത്. തങ്കയുടെ പ്രതിഭയും ജീവിതത്തോടുള്ള പോരാട്ടവീര്യവും മറ്റുള്ളവർക്ക് കൂടി മാതൃകയാക്കി മാറ്റാനുള്ള ശ്രമത്തിലാണിപ്പോൾ അധികൃതർ.

ആഹ്ലാദക്കൂട്ടായി 'സായംപ്രഭ ഹോം'

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മുതിർന്ന പൗരൻമാർക്കായി പകൽ പരിചരണ സൗകര്യം ഒരുക്കുന്ന സാമൂഹികനീതി വകുപ്പിന്റെ സംരംഭമാണ് സായംപ്രഭ ഹോം. പ്രായമായവർക്ക് ആവശ്യമായ സ്‌നേഹവും പരിചരണവും മാനസിക പിന്തുണയും ഇതിലൂടെ ഉറപ്പാക്കുന്നു. വാർദ്ധക്യത്തിൽ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന ഏകാന്തതയും വിരസതയും ഒഴിവാക്കാൻ കൂട്ടായ്മകൾക്ക് കഴിയുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ 60 വയസ് പിന്നിട്ട ഏതൊരു മുതിർന്ന പൗരനും സായംപ്രഭ ഹോമിന്റെ സേവനം പ്രയോജനപ്പെടുത്താം. മാറുന്ന സാമൂഹിക പശ്ചാത്തലത്തിൽ, മുതിർന്ന പൗരന്മാർക്ക് ഏറെ ആശ്വാസവും സുരക്ഷിതത്വവും കരുത്തും പകരുന്ന ഇടങ്ങളാകുകയാണ് സായംപ്രഭ ഹോമുകൾ.

- കെ.ആർ. പ്രദീപൻ (ജില്ലാ സാമൂഹിക നീതി ഓഫീസർ), മാർഷൽ സി. രാധാകൃഷ്ണൻ (മാനേജർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL