വടക്കഞ്ചേരി: പ്രകൃതിഭംഗി തുളുമ്പുന്ന വനമേഖലയാൽ ചുറ്റപ്പെട്ട കൊടുമ്പ് ചാത്തൻചിറ മിനിഡാം ജലസമൃദ്ധമായി. സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി, ഇക്കോ ടൂറിസം സാധ്യതകൾ മുൻനിറുത്തി നടത്തിയ വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് ഡാമിന് ഇപ്പോൾ പുതിയ മുഖം നൽകിയിരിക്കുന്നത്. നബാർഡിന്റെ സഹായത്തോടെ 2 കോടി 12 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം. സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, ഡാമിലെ വെള്ളം പുറത്തേക്ക് ഒഴുക്കാൻ മൂന്ന് മീറ്റർ താഴ്ചയിൽ പുതിയ വാൽവ് സംവിധാനം സ്ഥാപിച്ചു. മുൻപ് അഞ്ച് മീറ്റർ താഴ്ചയിലുണ്ടായിരുന്ന സ്ലൂയിസ് സംവിധാനത്തിന് പകരമാണിത്. ചാത്തൻചിറയോട് ചേർന്ന് കിടക്കുന്ന വടക്കഞ്ചേരി നഗരസഭ, എരുമപ്പെട്ടി, മുള്ളൂർക്കര പഞ്ചായത്തുകളുടെ അതിർത്തികൾ കൃത്യമായി അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റങ്ങൾ തിരിച്ചുപിടിച്ചതോടെ ഡാമിന്റെ വിസ്തൃതിയും ആഴവും കൂടി. ഇത് ജലസംഭരണ ശേഷി വലിയ തോതിൽ ഉയർത്താൻ സഹായിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ നിലവിൽ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
കാർഷിക മേഖലയ്ക്കും ആശ്വാസം
പ്രദേശത്തെ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്ക് ഈ മിനിഡാം വലിയ തുണയാകും. ഈ മേഖലയിലെ 250 ഏക്കറോളം വരുന്ന നെൽകൃഷിക്കും പച്ചക്കറി കൃഷിക്കും ഡാമിലെ ജലം പ്രയോജനപ്പെടും. കുമരനെല്ലൂർ, കാഞ്ഞിരക്കോട് മേഖലകളിൽ കടുത്ത വേനലിൽ അനുഭവപ്പെടാറുള്ള കുടിവെള്ള ക്ഷാമത്തിന് ഇതോടെ ശാശ്വത പരിഹാരമാകും. സമീപത്തെ ചെറുചക്കിചോല, വാഴാനി, പൂമല, ചെപ്പാറ, പത്താഴക്കുണ്ട് ഡാം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കൂടി ബന്ധിപ്പിച്ച് വിപുലമായ ടൂറിസം പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
നവീകരണം
1. സഹസ്ര സരോവർ പദ്ധതിയുടെ ഭാഗമായി വികസനം
2. നബാർഡ് സഹായത്തോടെ 2.12 കോടി ചെലവിൽ നവീകരണം
3. ഇക്കോ ടൂറിസം സാധ്യതകൾ മുൻനിറുത്തിയുള്ള പദ്ധതി
പ്രധാന മാറ്റങ്ങൾ
1. 3 മീറ്റർ താഴ്ചയിൽ പുതിയ വാൽവ് സംവിധാനം
2. ഡാമിന്റെ ഉയരം 10 സെന്റിമീറ്റർ വർധിപ്പിച്ചു
4. അതിർത്തികൾ അളന്ന് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതോടെ ജലാശയത്തിന്റെ വിസ്തൃതിയും ആഴവും വർധിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |