
ഗതാഗത മന്ത്രി 21ന് എത്തും
തൃശൂർ:കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിലെ വെളിച്ചക്കുറവും വെള്ളക്കെട്ടും അടിയന്തരമായി പരിഹരിക്കാൻ രാജൻ ജെ.പല്ലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനായി സ്റ്റാൻഡിലെ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ കോർപ്പറേഷൻ ഉടൻ പ്രകാശിപ്പിക്കും. കൂടാതെ, ഭരണാനുമതി ലഭിക്കും മുൻപേ പഴയ കെട്ടിടം പൊളിച്ചതുമൂലം സ്റ്റാൻഡിലെ ശോചനീയാവസ്ഥയും നിർമ്മാണ പ്രതിസന്ധിയും നേരിട്ട് വിലയിരുത്താൻ ഗതാഗത മന്ത്രി സി.പി.ജോൺ 21ന് നേരിട്ടെത്തും. നവകേരള സദസ്സിലൂടെ അനുവദിച്ച 7കോടിയും 3 കോടിയോളം രൂപയുടെ എം.എൽ.എ ഫണ്ടും ഉപയോഗിച്ച് ആധുനിക രീതിയിൽ സ്റ്റാൻഡ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് കെട്ടിടം പൊളിച്ചതിനെതിരെ വ്യാപക ആരോപണങ്ങൾ ഉയർന്നിരുന്നു. പുതിയ നിർമ്മാണത്തിനായി ഇനി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതുണ്ട്. ഷോപ്പിംഗ് കോംപ്ലക്‌സ് ഇല്ലാതെ തയ്യാറാക്കിയ നിലവിലെ പ്ലാനിൽ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും ബന്ധിപ്പിക്കുന്ന മേൽപ്പാലവും ഉൾപ്പെടുത്തും. ഇതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഉറപ്പുമുണ്ട്. ടി.എം.സി യോഗത്തിൽ മേയർ ഡോ. നിജി ജസ്റ്റിൻ,ഡെപ്യൂട്ടി മേയർ എ.പ്രസാദ്,കൗൺസിലർ വിൻഷി,കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗതാഗത മന്ത്രിയുടെ സന്ദർശനത്തോടെ സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾക്ക് വേഗമേറുമെന്നാണ് പ്രതീക്ഷ.
ജീവനക്കാർക്ക് മൊബൈൽ റെസ്റ്റ് റൂം
ശക്തൻ സ്റ്റാൻഡിലെ കോർപ്പറേഷൻ കെട്ടിടത്തിലെ ശോചനീയമായ മുറികളിൽ കഴിയുന്ന ജീവനക്കാർക്കായി പഴയ മിൽമ ബസ് റസ്റ്റോറന്റ് മാതൃകയിൽ, ഒരു ബസിൽ 16 പേർക്ക് വിശ്രമിക്കാവുന്ന എ.സി സൗകര്യമുള്ള മൊബൈൽ റെസ്റ്റ് റൂം ഉടൻ സജ്ജമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |