SignIn
Kerala Kaumudi Online
Thursday, 30 July 2026 4.35 AM IST

ഭരണസമിതിയില്ലാതെ അക്കാഡമി: പ്രവർത്തനം പ്രതിസന്ധിയിൽ

s

 വകുപ്പ് മന്ത്രിയുടെ സന്ദർശനം ഇന്ന്

തൃശൂർ: ചെയർപേഴ്സൺ, സെക്രട്ടറി, ഗവേണിംഗ് ബോഡി നിയമനങ്ങൾ വൈകുന്നത് തൃശൂരിലെ സാഹിത്യ അക്കാഡമി, ലളിതകലാഅക്കാഡമി, സംഗീത നാടക അക്കാഡമി എന്നിവയുടെ പ്രവർത്തനം താളംതെറ്റിക്കുന്നു. ഭരണസമിതിയില്ലാത്തതിനാൽ ഭരണപരമായ തീരുമാനങ്ങളും സാംസ്‌കാരിക പദ്ധതികളും അനിശ്ചിതത്വത്തിലായി. ഇന്ന് സാംസ്‌കാരിക സ്ഥാപനങ്ങൾ സന്ദർശിക്കുന്ന മന്ത്രി പി.സി.വിഷ്ണുനാഥിനെ ഉദ്യോഗസ്ഥരും സാംസ്‌കാരിക പ്രവർത്തകരും നേരിട്ട് ബോദ്ധ്യം വരുത്തിയേക്കും.

പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനും നിലവിലുള്ളവ വ്യാപിപ്പിക്കാനും ഭരണസമിതിയുടെ അനുമതി അനിവാര്യമാണ്. സാഹിത്യം, നാടകം, സംഗീതം കലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പുകളും നിർണ്ണയിക്കുന്നതും പ്രഖ്യാപിക്കുന്നതും അക്കാഡമി ഭരണസമിതികളാണ്. സമിതികളുടെ അഭാവത്തിൽ പുരസ്‌കാര നിർണയ പ്രക്രിയകളും സ്തംഭിച്ചു.

ബഡ്ജറ്റ് ഫണ്ടുകൾ യഥാസമയം വിനിയോഗിക്കാനും സാംസ്‌കാരിക കൂട്ടായ്മകൾക്ക് ധനസഹായം നൽകാനും ഭരണസമിതി അനുമതി വേണം. സാമ്പത്തിക ബുദ്ധിമുട്ടുള്ള മുതിർന്ന കലാകാരന്മാർക്കുള്ള പെൻഷൻ,ചികിത്സാ സഹായങ്ങൾ, കലാസമിതികൾക്കുള്ള ധനസഹായം എന്നിവയുടെ വിതരണവും വൈകുകയാണ്. നിലവിൽ ഉദ്യോഗസ്ഥർക്കാണ് താത്കാലിക ചുമതല. നയപരമായ തീരുമാനങ്ങളെടുക്കാൻ പരിമിതിയുള്ളതിനാൽ ദിനചര്യകൾ മാത്രമാണ് നിർവഹിക്കുന്നത്.

ലളിതകലാ അക്കാഡമി സംഘടിപ്പിക്കേണ്ട വാർഷിക പ്രദർശനവും പ്രതിസന്ധിയിലാണ്. ജൂറി നിയമനത്തിലടക്കം അന്തിമാനുമതി നൽകേണ്ടത് ഭരണസമിതിയാണ്. അക്കാഡമികളിൽ ഒന്നരമാസത്തോളമായി ശമ്പളവും വൈകുന്നതായാണ് റിപ്പോർട്ട്.

 സാഹിത്യോത്സവവും ഇറ്റ്‌ഫോക്കും

സാഹിത്യ അക്കാഡമി ഡിസംബറിൽ നടത്തേണ്ട മൂന്നാം അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെയും സംഗീത നാടക അക്കാഡമി ജനുവരിയിൽ സംഘടിപ്പിക്കാറുള്ള അന്താരാഷ്ട്ര നാടകോത്സവത്തിന്റെയും (ഇറ്റ്‌ഫോക്) ഒരുക്കങ്ങൾ ഇതോടെ മന്ദഗതിയിലായി. ചെയർപേഴ്‌സൺ, സെക്രട്ടറി, ഭരണസമിതി എന്നിവരില്ലാത്തതിനാൽ ആപ്തവാക്യം നിശ്ചയിക്കാനോ അതിഥികളെ ക്ഷണിക്കാനോ സാധിക്കുന്നില്ല.

സാഹിത്യ അക്കാഡമിയിൽ പുതിയ പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ളവയും തടസ്സപ്പെട്ടു. അക്കാഡമി പ്രവർത്തനങ്ങൾക്ക് പ്രതിവർഷം 16 ലക്ഷം രൂപയെങ്കിലും ആവശ്യമാണ്. പുതിയ ഭരണസമിതി ചുമതലയേറ്റ് പ്ലാൻ ഫണ്ട് വിനിയോഗത്തിൽ തീരുമാനമെടുത്താൽ മാത്രമേ പ്രവർത്തനങ്ങൾ സുഗമമാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL