
യാത്രക്കാർ ദുരിതത്തിൽ
തൃശൂർ: എറണാകുളത്തേക്ക് നിത്യവും യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും ജീവനക്കാരും അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ച് ഗുരുവായൂർ - എറണാകുളം പാസഞ്ചർ അനിശ്ചിതമായി വൈകുന്നു. സമയബന്ധിതമായി സർവീസ് നടത്തിയിരുന്ന ട്രെയിൻ, ഏതാനും ആഴ്ചകളായി തൃശൂരിൽ നിന്ന് പുറപ്പെട്ട ശേഷം വിവിധ സ്റ്റേഷനുകളിൽ നിറുത്തിയിടുന്നത് പതിവാണെന്നാണ് യാത്രക്കാരുടെ പരാതി. വൈകിയോടുന്ന എക്‌സ്പ്രസ് ട്രെയിനുകൾക്ക് കടന്നുപോകാൻ പാസഞ്ചർ പിടിച്ചിടുന്നതോടെ 45 മിനിറ്റോളം വൈകിയാണ് എറണാകുളത്ത് എത്തുന്നത്.
തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമയത്ത് എത്താനാകാതെ സ്ഥിരം യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. നേരത്തെ 18 കോച്ചുകൾ ഉണ്ടായിരുന്നത് 15- 16 ആയി കുറച്ചതോടെ വൻ തിരക്കും അനുഭവപ്പെടുന്നുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. തൃശൂർ സ്റ്റേഷൻ വിടുന്നതോടെ പാസഞ്ചർ ട്രെയിനിൽ കയറാൻ പോലും കഴിയുന്നില്ലെന്നാണ് പരാതി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ട്രെയിനിന്റെ എൻജിൻ നിറുത്തുന്നതിന് സ്ഥിരമായ സ്ഥാനമില്ലാത്തതും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു.
ദിവസവും വ്യത്യസ്ത സ്ഥലങ്ങളിൽ എൻജിൻ നിറുത്തുന്നതിനാൽ മുന്നിലും പിന്നിലും കയറാൻ നിൽക്കുന്ന യാത്രക്കാർ പ്ലാറ്റ്‌ഫോമിലൂടെ ഓടേണ്ട ഗതികേടിലാണ്. ഗുരുവായൂർ -എറണാകുളം പാസഞ്ചറിൽ ഉടൻ 18 കോച്ചുകൾ പുനഃസ്ഥാപിക്കുക, എക്‌സ്പ്രസ് ട്രെയിനുകൾക്കായി വഴിയിൽ പിടിച്ചിടുന്നത് ഒഴിവാക്കുക, തൃശൂർ പ്ലാറ്റ്‌ഫോമിൽ എൻജിൻ നിറുത്തുന്നതിന് സ്ഥിരം സ്ഥാനം അടയാളപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനും രംഗത്തുണ്ട്. സർവീസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ട്രെയിൻ എത്രയും വേഗം 16കാർ മെമുവാക്കണമെന്നും അസോസിയേഷൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |