SignIn
Kerala Kaumudi Online
Friday, 11 September 2026 1.27 AM IST

ഇൻഷ്വറൻസ് പദ്ധതി കാത്ത് ക്ഷീരകർഷകർ

f

തൃശൂർ: പുതിയ സാമ്പത്തിക വർഷത്തെ ക്ഷീരകർഷകർക്കുള്ള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത് വൈകുന്നു. സാമ്പത്തികനഷ്ടത്തെ അതിജീവിക്കാൻ കർഷകർക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇൻഷുറൻസ്. എല്ലാ വർഷവും സർക്കാർ തലത്തിലുള്ള ഇൻഷ്വറൻസ് പദ്ധതി കൃത്യമായി നടപ്പാക്കാത്തത് മൂലം കർഷകർ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളിൽ വലിയ പ്രീമിയം അടച്ച് അംഗമാകേണ്ട സ്ഥിതിയാണ്. പാലിന് വിലയില്ലാത്തതും കാലിത്തീറ്റയ്ക്ക് വില കൂടിയതും കാരണം നട്ടം തിരിയുന്നതിനിടെ ഇൻഷ്വറൻസ് കൂടിയില്ലാത്തത് ദുരിതമാകുന്നു. സാമ്പത്തിക വർഷം തുടങ്ങി ആറു മാസമായിട്ടും പദ്ധതി ആരംഭിക്കാൻ നടപടിയായിട്ടില്ല. പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും നീളുകയാണ്. തെരുവുനായ്ക്കൾ, ഇഴ ജന്തുക്കൾ, വന്യ ജീവികൾ എന്നിവയുടെ ആക്രമണം, മറ്റ് രോഗങ്ങൾ എന്നിവ മൂലം പലയിടങ്ങളിലും കന്നുകാലികൾക്ക് ജീവൻ നഷ്ടപ്പെടുമ്പോൾ നഷ്ടപരിഹാരം പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. 500000 രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിന് കർഷകൻ ആയിരത്തിൽ താഴെ രൂപ അടച്ചാൽ മതി. ഇത് കർഷകരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടാണ് പദ്ധതി നീളാൻ കാരണം.മേയ്, ജൂൺ മാസങ്ങളിൽ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാറുണ്ടെങ്കിലും സെപ്തംബർ മദ്ധ്യത്തിലെത്തിയിട്ടും എങ്ങുമെത്തിയിട്ടില്ല. കന്നുകാലികൾക്ക് ജീവഹാനിയുണ്ടായാൽ ക്ഷീരകർഷകരുടെ നഷ്ടം പരിഹരിക്കാൻ ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. ഇതുപ്രകാരം ഉരുക്കളുടെ മരണം/ ഉത്പാദന പ്രത്യുത്പാദന ക്ഷമതാ നഷ്ടം എന്നിവ സംഭവിച്ചാൽ ഇൻഷ്വർ ചെയ്യുന്ന മതിപ്പുവില ക്ലെയിം ആയി കർഷകന് ലഭിക്കും.


 ലഭിക്കുന്നത് മുപ്പതിൽ താഴെ

ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമ്പോൾ ഒരോ പഞ്ചായത്തിലും ഗുണഫലം ലഭിക്കുക മുപ്പതിൽ താഴെ പേർക്ക് മാത്രം. ജില്ലയിലെ ഓരോ പഞ്ചായത്തിലും 900ത്തിനും 1200നും ഇടയിൽ കന്നുകാലികളുണ്ടെന്നാണ് കണക്ക്. ഇതിൽ മുപ്പതിൽ താഴെയുള്ളവർ മാത്രമാണ് പദ്ധതിയിൽ അംഗങ്ങളാവുക. 5വർഷം മുമ്പ് വരെ ഒരോ പഞ്ചായത്തുകളിൽ 2000 വരെ പശുക്കൾ ഉണ്ടായിരുന്നതാണ്. ഒരോ വർഷം ചെല്ലുംതോറും എണ്ണം കുറഞ്ഞു വരുന്നു. ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകരുടെ എണ്ണവും കുറഞ്ഞു വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL