SignIn
Kerala Kaumudi Online
Friday, 11 September 2026 1.27 AM IST

ഓടിക്കേറും, പിന്നെ കുടുങ്ങും

f

 യാത്രക്കാർക്ക് കുരുക്കായി പോട്ട ക്യാന്റീൻ

തൃശൂർ: 'ചാലക്കുടിയിൽ നിന്നും തൃശൂരിലെ ഓഫീസിൽ പോകാൻ കയറിയതാണ്, നാലു കിലോമീറ്റർ കഴിഞ്ഞതും പോട്ടയിൽ ബസ് നിറുത്തി. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ളവർക്ക് അരമണിക്കൂറോളം ഇവിടെ ഭക്ഷണനേരം. രാവിലെ പത്തുമണിക്ക് ഓഫീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താൻ സമയം കണക്കാക്കി ഇറങ്ങിയവരെല്ലാം ഇതോടെ കുടുങ്ങി. പിന്നീട് പത്തരയോടെയാണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.' - നിത്യേന ചാലക്കുടിയിൽ നിന്നും തൃശൂരിലേക്ക് സഞ്ചരിക്കുന്നയാളുടെ അനുഭവമാണിത്.
ഇതേക്കുറിച്ച് പരാതി പറഞ്ഞിട്ടും കാര്യമില്ലെന്ന് യാത്രക്കാർ പറയുന്നു. തെക്ക് നിന്നും വരുന്ന ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിലെ യാത്രക്കാരാണ് വലയുന്നത്. വേഗം ഓഫീസിലെത്താമെന്ന് കരുതിയാണ് പലരും സ്റ്റോപ്പുകൾ കുറവുള്ള ദീർഘദൂര ബസുകളിൽ കയറുന്നത്. എന്നാൽ ഭക്ഷണബ്രേക്ക് കാരണം ഓർഡിനറി ബസുകളേക്കാൾ കൂടുതൽ സമയം എടുക്കുന്നുവെന്നാണ് പരാതി. മുന്നറിയിപ്പില്ലാതെ നിറുത്തുന്നത് മൂലം കാന്റീനിൽ നിന്നും ആദ്യം പുറപ്പെടുന്ന മറ്റൊരു വാഹനത്തിൽ വീണ്ടും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയാണ് പലരും.

 ഇടനിലക്കാരായി അധികൃതർ

കാന്റീനുകളുമായി കെ.എസ്.ആർ.ടി.സിക്ക് കരാറുണ്ടെന്നും അവിടെ മാത്രമേ ബസുകൾ നിറുത്താനാകൂവെന്നുമാണ് അധികൃതരുടെ നിലപാട്. പെരുമ്പാവൂർ കഴിഞ്ഞാൽ ചാലക്കുടി, തൃശൂർ കാന്റീനുകളായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പൊളിച്ചിട്ടതിനാൽ ഇപ്പോൾ കാന്റീൻ പ്രവർത്തിക്കുന്നില്ല. ഇതോടെയാണ് പോട്ടയിലെ കാന്റീനിൽ നിറുത്താൻ തുടങ്ങിയത്. അംഗീകൃത കാന്റീനുകളിലല്ലാതെ ബസുകൾ നിറുത്തിയാൽ ജീവനക്കാരിൽ നിന്നും അധികൃതർ പിഴയീടാക്കും. ക്യാന്റീനിലെത്തിയതിന് തെളിവായി 100 രൂപ ഈടാക്കി ടിക്കറ്റ് നൽകണം. കരാർ തുക കൂടാതെ ഇതും കെ.എസ്.ആർ.ടി.സിയുടെ നിത്യവരുമാനമാണ്. ചാലക്കുടി, തൃശൂർ തുടങ്ങിയ പ്രധാന സ്റ്റാൻഡുകളിൽ ദീർഘനേരം നിറുത്തിയിട്ടാലും അവിടെ നിന്നുള്ള യാത്രക്കാർക്ക് മറ്റ് ബസുകളിൽ കയറിപ്പോകാം.

 ആദ്യമേ പറയണേ...

ചാലക്കുടിക്കും തൃശൂരിനും ഇടയിൽ ഭക്ഷണത്തിന് നിറുത്തുന്നുവെങ്കിൽ ആദ്യമേ പറയണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഭക്ഷണസമയം ഡ്രൈവർക്ക് പിറകിലുള്ള സ്ഥലത്ത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പിറകിൽ നിൽക്കുന്നവർക്ക് കാണാനാകില്ല. രാവിലെ മാത്രമല്ല, ഉച്ചയ്ക്കും വൈകീട്ടും എല്ലാം യാത്രക്കാർ ബുദ്ധിമുട്ട് നേരിടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL