
യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായി
തൃശൂർ: എൽ.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ടിൽ പാറളം പഞ്ചായത്ത് ഭരണം നഷ്ടമായതോടെ ജില്ലയിൽ ബി.ജെ.പി ഭരണം തിരുവില്വാമലയിലേക്ക് ചുരുങ്ങി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവില്വാമലയിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തള്ളി ഭരണം പിടിച്ച ബി.ജെ.പി പാറളം, അവിണിശേരി, വല്ലച്ചിറ പഞ്ചായത്തുകളിൽ തുല്യനില കൈവരിച്ചിരുന്നു. പാറളത്ത് യു.ഡി.എഫുമായി തുല്യനിലയിലായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ ലഭിച്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളാണ് ഇന്നലെ നഷ്ടമായത്. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ സി.പി.എമ്മിലെ രണ്ടും സി.പി.ഐയിലെ മൂന്നും അംഗങ്ങൾ അനുകൂലിച്ചു. ആറംഗങ്ങളുള്ള കോൺഗ്രസിലെ ഒരു വോട്ട് അസാധുവായി. ആറിനെതിരെ 10 വോട്ടുകൾ നേടിയാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസം പാസായത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് 11വോട്ടും ബി.ജെ.പിക്ക് 6വോട്ടും ലഭിച്ചു. ബി.ജെ.പിയുടെ ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരെയാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് കോൺഗ്രസ് പറഞ്ഞു. തിരുവില്വാമലയിൽ 19അംഗ ഭരണസമിതിയിൽ ബി.ജെ.പിക്ക് 10 അംഗങ്ങളുണ്ട്. എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് വിമതനായി വിജയിച്ച് ഒപ്പം നിൽക്കുന്ന രണ്ടുപേരുമാണുള്ളത്. അവിണിശേരിയിൽ യു.ഡി.എഫുമായി തുല്യനിലയിലായ ബി.ജെ.പിക്ക് നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. വല്ലച്ചിറയിൽ എൽ.ഡി.എഫുമായി തുല്യനിലയിലെത്തിയിട്ടും ഭരണം ലഭിച്ചില്ല.
കീറാമുട്ടിയാകും തിരഞ്ഞെടുപ്പ്
പാറളത്ത് എൽ.ഡി.എഫ് പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസം പാസാക്കിയെടുത്തെങ്കിലും വരാൻ പോകുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിർണായകമാകും. എൽ.ഡി.എഫും യു.ഡി.എഫും ഭരണം പങ്കിടുമോയെന്നാണ് ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ പരസ്പരം പിന്തുണയ്ക്കാനുള്ള സാദ്ധ്യത കുറവാണ് അങ്ങനെ വന്നാൽ വീണ്ടും നറുക്കെടുപ്പിന് വഴിയൊരുങ്ങിയേക്കാം.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ ഇപ്പോൾ തീരുമാനം പറയാനാകില്ല.
(കെ.വി.അബ്ദുൾ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി)
വർഗീയ കക്ഷിയായ ബി.ജെ.പിയെ അകറ്റി നിറുത്തുക എന്ന ലക്ഷ്യം പൂർത്തീകരിച്ചു. പലരും സഹായിച്ചു.
(അഡ്വ.ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്)
വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് ഭരണസമിതിയെ അവിശുദ്ധ കൂട്ടുക്കെട്ടിലൂടെ പുറത്താക്കിയത്.
(അനിത പ്രസന്നൻ, പ്രസിഡന്റ്, പാറളം പഞ്ചായത്ത്)
ബി.ജെ.പി ഭരണസമിതിയെ അവിശ്വാസത്തിലൂടെ അട്ടിമറിക്കാൻ രൂപപ്പെട്ട എൽ.ഡി.എഫ് യു.ഡി.എഫ് ഡീൽ ജനാധിപത്യത്തോടുള്ള തുറന്ന വെല്ലുവിളിയാണ്
(എ.നാഗേഷ്, ബി.ജെ.പി എറണാകുളം മേഖല പ്രസിഡന്റ്)
ബി.ജെ.പിയെ തടയുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുന്ന ഇത്തരം അവിശുദ്ധ കൂട്ടുക്കെട്ടുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തും.
(ജസ്റ്റിൻ ജേക്കബ്ബ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്)
കോൺഗ്രസ്, സി.പി.എം, സി.പി.ഐ കക്ഷികൾ ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ പാറളം പഞ്ചായത്തിലെ ബി.ജെ.പി ഭരണത്തെ അട്ടിമറിച്ചത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണ്.
(അഡ്വ.കെ.കെ.അനീഷ് കുമാർ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |